പെട്രോൾപമ്പിൽ പുകവലിക്കരുതെന്ന് സുഹൃത്ത്, ഇന്ധന ടാങ്കിന് തീയിട്ട് യുവാവ്; ഒഴിവായത് വൻ ദുരന്തം| Video

റായ്പുർ: ഛത്തീസ്ഗഢിൽ പെട്രോൾ പമ്പിൽ സിഗരറ്റ് വലിച്ചത് തടഞ്ഞതിന് ഇന്ധന ടാങ്കിന് തീകൊളുത്തി യുവാവ്. വ്യാഴാഴ്ച വൈകുന്നേരം റായ്പുരിലായിരുന്നു സംഭവം. പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
ബൈക്കിൽ പെട്രോൾ അടിക്കാനായി എത്തിയതായിരുന്നു ധർമേന്ദ്ര ഖത്രിയും ഇമ്രാനും. പെട്രോൾ നിറയ്ക്കാൻ തുടങ്ങിയതും ബൈക്കിന്റെ പിന്നിലിരുന്ന ധർമേന്ദ്ര താഴെയിറങ്ങി സിഗരറ്റ് വലിക്കാൻ തുടങ്ങി. എന്നാൽ, കൂടെയുണ്ടായിരുന്ന ഇമ്രാനും പമ്പിലെ ജീവനക്കാരനും ഇത് വിലക്കി. ദേഷ്യത്തോടെ ധർമേന്ദ്ര തന്റെ സിഗരറ്റ് ലൈറ്റർ കൊണ്ട് കൊണ്ട് ബൈക്കിൽ പെട്രോൾ നിറച്ചിരുന്ന ഇന്ധന പൈപ്പിന് തീ കൊടുക്കുകയായിരുന്നു.
ഉടൻ തന്നെ ഇന്ധന ടാങ്കിലേക്കും പെട്രോൾ പമ്പിലെ മെഷീനിലേക്കും തീ പടരുകയായിരുന്നു. ഉടൻതന്നെ പമ്പ് ജീവനക്കാരൻ തീ നിയന്ത്രണവിധേയമാക്കിയതുമൂലം വൻ ദുരന്തം ഒഴിവായി.
തീയിട്ടതിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ധർമേന്ദ്രയേയും സുഹൃത്തിനേയും ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ജനജീവിതം അപകടത്തിലാക്കാൻ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: Chhattisgarh Petrol Pump Fire: Youth Sets Fuel Pipe Ablaze Over Smoking Ban