‘അയ്യേ, എക്‌സൈസിനെ പറ്റിച്ചേ...’; കല്ലുപ്പ് എംഡിഎംഎ ആക്കി യുവാവിന്റെ റീൽസ്; ഒടുവിൽ പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന തരത്തിൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.
താൻ പണിക്കുപോയി ഉണ്ടാക്കിയ പണത്തിനാണ് ലഹരിമരുന്ന് വാങ്ങിയതെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു വിഷ്ണു വീഡിയോയിൽ പറഞ്ഞത്. ഇതോടെയാണ് വിഷ്ണുവിനെ തേടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ, വീഡിയോ റീൽസിനുവേണ്ടി ചെയ്തതാണെന്നും റീച്ച് കൂട്ടാനായി എംഡിഎംഎ ആണെന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. തുടർന്ന് സംഗതിയുടെ യാഥാർഥ്യം വിഷ്ണുവിനേക്കൊണ്ട് വീഡിയോ ആയി ചെയ്യിക്കുകയും ഇയാളുടെ അക്കൗണ്ട് വഴിതന്നെ പോസ്റ്റ് ചെയ്യിക്കുകയും ചെയ്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതേ വീഡിയോ ട്രോൾ വീഡിയോ ആയി എക്‌സൈസ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ഇട്ടിട്ടുണ്ട്.
നേരത്തെയും വിഷ്ണു ഇതേപോലെ കല്ലുപ്പ് എംഡിഎംഎ ആണെന്ന് പറഞ്ഞ് വീഡിയോ ചെയ്തിരുന്നു. ഇതുകണ്ട് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തതാണ്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ രണ്ടാമത്തെ വീഡിയോ. നല്ല വീഡിയോ ചെയ്തിട്ട് റീച്ച് കിട്ടുന്നില്ലെന്നും അതാണ് നെഗറ്റീവ് വീഡിയോകൾ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നുമാണ് വിഷ്ണു തങ്ങളോട് പറഞ്ഞതെന്ന് പേരാമ്പ്ര എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്യോഗസ്ഥനായ അശ്വിൻ പ്രതികരിച്ചു.
വിഷ്ണു ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഇതോടെയാണ് വിഷയത്തിന്‍റെ വസ്തുത വ്യക്തമാക്കുകയും ക്ഷമചോദിക്കുകയും ചെയ്യുന്ന വീഡിയോ വിഷ്ണുവിനേക്കൊണ്ട് ചെയ്യിച്ചതെന്നും അശ്വിൻ പറഞ്ഞു. പോലീസ് വിലാസം അന്വേഷിച്ച് നടക്കേണ്ടെന്നുപറഞ്ഞ് തന്റെ ഫോൺ നമ്പറും അഡ്രസ്സും കൊടുത്തായിരുന്നു വിഷ്ണുവിന്റെ വെല്ലുവിളി.
Content Highlights: A Kozhikode youth faked having MDMA on Instagram reels to challenge excise officials. The truth? Just salt! Learn how he was caught and made to apologize.