മുറിയിൽ ഗ്രൈൻഡർ, സ്വകാര്യഭാഗം മുറിച്ച നിലയിൽ; യുവസന്യാസിയുടെ മരണത്തിൽ ദുരൂഹത

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലെ ആശ്രമത്തിൽ യുവസന്യാസി കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ച ദീപക് ലോധി (25)യുടെ ശരീരത്തിൽ കണ്ടെത്തിയ അസാധാരണ മുറിവുകളാണ് അന്വേഷണത്തിൽ പുതിയ തിരിവായത്. ദീപക്കിന്റെ സ്വകാര്യഭാഗത്ത് മുറിവേറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ആശ്രമത്തിലെ ദീപക്കിന്റെ മുറിയിൽനിന്ന് ടൈൽ മുറിക്കുന്ന ഒരു യന്ത്രവും കണ്ടെടുത്തു.
വൃന്ദാവനിലെ ബരാ ഘട്ട് മാർഗിലുള്ള ഗുരു കൃപാ കുഞ്ച് ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ നിലയിലാണ് കഴിഞ്ഞദിവസം ദീപക്കിനെ കണ്ടെത്തിയത്. അമിതമായി രക്തം വാർന്നുപോയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വീഴ്ചയിൽ ദീപക്കിന് ശരീരത്തിലുടനീളം നിരവധി പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും ഇത് കടുത്ത രക്തസ്രാവത്തിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് പോലീസ് പറയുന്നത്.
പിന്നാലെ ആശ്രമത്തിലെ ദീപക്കിന്റെ മുറിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ടൈൽ മുറിക്കുന്ന ഒരു യന്ത്രം കണ്ടെടുത്തത്. മരണത്തിന് തൊട്ടുമുമ്പ് സ്വന്തം സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേൽപ്പിക്കാൻ ദീപക് ഈ യന്ത്രം ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്തിനാണ് സ്വയം മുറിവേൽപ്പിച്ചതെന്നും ഇത് മരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
അതിനിടെ, സംഭവത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഞായറാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിൽ, ആശ്രമത്തിന് പുറത്തെ റോഡിലൂടെ ആളുകൾ നടന്നുപോകുന്നതിനിടെ നാലാം നിലയിൽനിന്ന് ദീപക് പെട്ടെന്ന് താഴേക്ക് വീഴുന്നത് കാണാം.
സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി വെള്ളിയാഴ്ചയാണ് മരിച്ചത്. ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണായിരുന്നു അന്ത്യം. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ദീപക് ലോധി സംഭവം നടക്കുമ്പോൾ ഗുരു കൃപാ കുഞ്ച് ആശ്രമത്തിലാണ് താമസിച്ചിരുന്നത്. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Content Highlights: A young monk died after falling from the fourth floor of a Vrindavan ashram, and police have launched an investigation into the mysterious circumstances after discovering unusual injuries and a tile-cutting grinder in his room.