വാക്കുതർക്കത്തിനിടെ ആക്രമണം; തിരുവനന്തപുരത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്

പൊള്ളലേറ്റ യുവാവ്, യുവാവ് എടുത്തുചാടിയ കിണര്‍
പൊള്ളലേറ്റ യുവാവ്, യുവാവ് എടുത്തുചാടിയ കിണര്‍

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ചെങ്കോട്ടുകോണം സ്വദേശിനിയായ ജിയ സരിത (46) ആണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. പൗഡിക്കോണം ചെല്ലമംഗലം ബിനു(50) ആണ് പ്രതി.

ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ പടർന്നതോടെ ബിനുവിനും ഗുരുതരമായി പൊള്ളലേറ്റു. അഞ്ചു ലിറ്റര്‍ പെട്രോളുമായാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം. 

തീ ദേഹത്തേക്ക് പടർന്നതോടെ ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തുചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഗുരുതരാവസ്ഥയിലാണ്. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. 

Content Highlights: young man tried to kill a young woman by setting her on fire