76-കാരിയെ ബലാത്സംഗം ചെയ്ത സംഭവം: 27-കാരൻ മുമ്പും വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി

ഓച്ചിറ(കൊല്ലം): ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്താറുകാരിയെ വീട്ടിൽക്കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പനയിൽ താമസിച്ചിരുന്ന ഷഹാസിനെ(27)യാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീടിനുസമീപം ഒളിച്ചിരുന്ന പ്രതി, വയോധിക വാതിൽ തുറന്നപ്പോൾ ഓടി അകത്തുകയറിയാണ് ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കൃഷ്ണപുരം അതിർത്തിയിലെ ചിറയ്ക്കടുത്ത് ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
രണ്ടാഴ്ചമുമ്പ് പുലർച്ചെ ഓച്ചിറ സ്വദേശിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയായിരുന്നു.മുമ്പ് ഒന്നരക്കിലോഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായ ഷഹാസ് നാലുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: young man arrested for who brutally raped 76 year old woman