പട്ടിക്കുട്ടികള്‍ ചത്തതിന് ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തലും ശകാരവും; പോലീസുകാരി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ചെന്നൈ: പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസുകാരി ജീവനൊടുക്കി. ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജയാണ് കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗിരിജയുടെ ഭര്‍ത്താവ് ദിഗേശ്വരനും പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏറെ വര്‍ഷങ്ങളായി ഒരു വളര്‍ത്തുനായയുണ്ട്. അടുത്തിടെ വളര്‍ത്തുനായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു. ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നായിരുന്നു ദിഗേശ്വരന്റെ വാദം. 

ശനിയാഴ്ച രാത്രി ഭാര്യയെ ഫോണില്‍വിളിച്ച ദിഗേശ്വരന്‍ ഗിരിജയെ ഇതിന്റെപേരില്‍ കുറ്റപ്പെടുത്തുകയും വഴക്കുപറയുകയുംചെയ്തു. ഇതിനുശേഷം ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: chided for death of puppies, woman police constable kills herself in tamilnadu