യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പങ്കാളി അറസ്റ്റിൽ; കാണാതായ കുട്ടിയെ പിടിച്ചുവെച്ചതും പ്രതി

അറസ്റ്റിലായ ദിലീഷ്
അറസ്റ്റിലായ ദിലീഷ്

തിരുനെല്ലി: പങ്കാളിയുടെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. സംഭവത്തിനുപിന്നാലെ കാണാതായ ഒമ്പതുവയസുകാരിയേയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തിരനെല്ലി ചേകാടി വാകേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ (34) കൊല്ലപ്പെട്ടത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് കൊലപാതകം നടത്തിയത്. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്.  

ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. ദിലീഷിന്റെ ആക്രമണത്തില്‍ മൂത്തകുട്ടിയായ അനര്‍ഘയ്ക്കും പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനര്‍ഘയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇളയകുട്ടി അബിനയേയും ദിലീഷിനേയും കാണാതായിരുന്നു. 

ആക്രമണം കണ്ട് ഭയന്ന കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴിതെറ്റി വനത്തില്‍ അകപ്പെട്ടിരിക്കാം എന്നായിരുന്നു പോലീസിന്റെ നിഗമനം. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. സ്ഥലത്തെ കനത്ത മഴയും തിരച്ചിലിനെ ദുഷ്‌കരമാക്കിയിരുന്നു. ആര്‍ആര്‍ടി സംഘവും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയേയും ദിലീഷിനേയും കണ്ടെത്തിയത്. കുട്ടിയെ ദിലീഷ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് വിവരം.

കൊലപാതകം നടന്ന വീടിന് മീറ്ററുകള്‍ക്കപ്പുറത്ത് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ദിലീഷ് കുട്ടിയെ ഇവിടെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ദിലീഷിനെ കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം കുട്ടിയെ പ്രാഥമിക ചികിത്സനല്‍കുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം നടന്ന സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 

Content Highlights: thirunelly woman murder partner arrested kid gone missing was found by police