സീതയെ കൊന്നത് കാട്ടാനയല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

പീരുമേട്: കാട്ടിനുള്ളില്‍ മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി.
സീതയുടെ ഭര്‍ത്താവ് ബിനു (48) പോലീസിന്റെ നിരീക്ഷണത്തിലാണ്. സീതയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിനു തന്നെയാണ് വനപാലകരെ അറിയിച്ചത്. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ നാലുപേരും വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോണ്‍ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചത്.
ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ച് ആനയുടെ ആക്രമണത്തെപ്പറ്റിയെല്ലാം ബിനു മാധ്യമങ്ങളോട് വിവരിച്ചിരുന്നു. കാട്ടാനയാക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്ന് ധരിച്ചിരുന്ന നാട്ടുകാര്‍ ഇന്നലെ പീരുമേട്ടില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്.
തുടര്‍ന്ന് സീതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം പോസ്റ്റുമോര്‍ട്ടം പീരുമേട്ടില്‍തന്നെ നടത്തുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പോലീസിന്റെ സംശയം സത്യമാണെന്ന് തെളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൃഗീയമായ മര്‍ദനമേറ്റാണ് സീത കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതയുടെ തല പലതവണ പരുക്കനായ പ്രതലത്തില്‍ ഇടിച്ചതായി വ്യക്തമായി. ഇടതുവശത്തെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും സീതയുടെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലും കൈകളിലുമെല്ലാം മല്‍പിടിത്തം നടന്നതിന്റെ പാടുകളുണ്ട്. സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമം ബിനു നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.
Content Highlights: peerumedu seetha death case husband binu in police custory idukki news