'രാത്രി ബോധംപോയി, ഭര്‍ത്താവ് മെര്‍ക്കുറി കുത്തിവെച്ചു'; 9 മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

#ന്യൂസ് ഡെസ്‌ക്
വിദ്യയുടെ പഴയചിത്രവും ആശുപത്രിക്കിടക്കയില്‍നിന്നുള്ള ചിത്രവും | Photo Courtesy: x.com/Zee24Ghanta
വിദ്യയുടെ പഴയചിത്രവും ആശുപത്രിക്കിടക്കയില്‍നിന്നുള്ള ചിത്രവും | Photo Courtesy: x.com/Zee24Ghanta

ബെംഗളൂരു: ഭര്‍ത്താവ് ശരീരത്തില്‍ 'മെര്‍ക്കുറി' കുത്തിവെച്ചെന്ന ആരോപണമുന്നയിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ബെംഗളൂരു അത്തിബെല്ലെ സ്വദേശിനിയായ വിദ്യയാണ് വിക്ടോറിയ ആശുപത്രിയില്‍ മരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന വിദ്യ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭര്‍ത്താവ് ബാസവരാജു തന്റെ ശരീരത്തില്‍ മെര്‍ക്കുറി കുത്തിവെച്ചെന്നായിരുന്നു വിദ്യയുടെ മൊഴി. ഫെബ്രുവരി 26-ന് രാത്രി താന്‍ ബോധരഹിതയായി. പിറ്റേദിവസം വൈകീട്ടാണ് ബോധം വീണ്ടെടുത്തത്. അപ്പോഴാണ് വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടതെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് വിദ്യയെ അത്തിബെല്ലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ ഒന്‍പതുമാസമായി ചികിത്സയിലായിരുന്ന വിദ്യയുടെ ആരോഗ്യനില മോശമായതോടെ ഞായറാഴ്ച പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട ആരോപണവും യുവതി ഉന്നയിച്ചതിനാല്‍ ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Content Highlights: A Bengaluru woman, who alleged her husband injected her with mercury, has died during treatment. Police are investigating the claims of poisoning and dowry harassment.