'ഇത് തമാശ, ഞാന്‍ നിങ്ങളുടെ ചോര കുടിക്കും', അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മകള്‍; സംഭവം ഹരിയാനയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ ഹിസാറില്‍ മകളുടെ ക്രൂരപീഡനത്തിന് ഇരയായി അമ്മ. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ആരോ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
യുവതി തന്റെ അമ്മയെ അതിക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേറ്റ അമ്മ കരയുകയും ഉപദ്രവിക്കരുതെന്ന് യാചിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇതൊന്നും കൂസാതെ ഇവര്‍ അമ്മയെ അസഭ്യം പറയുകയും കടിക്കുകയും ചെയ്യുന്നു. 'ഇത് തമാശയാണ്, ഞാന്‍ നിങ്ങളുടെ രക്തം കുടിക്കും' എന്ന് യുവതി പറയുന്നു. 'നിങ്ങള്‍ എല്ലാ കാലവും ജീവനോടെ ഇരിക്കുമെന്ന് കരുതുന്നുവോ' എന്നും യുവതി അമ്മയോട് ചോദിക്കുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് കേസെടുത്തു. ആസാദ് നഗറില്‍നിന്നുള്ള റിതയും അമ്മ നിര്‍മല ദേവിയുമാണ് വീഡിയോയിലുള്ളത്. മാസങ്ങളായി റിത അമ്മയെ സ്വത്തിനായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് മകന്‍ അമര്‍ദീപ് സിങ് പോലീസിനോട് പറഞ്ഞു. വിവാഹിതയായ റിത ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. കുരുക്ഷേത്രയിലെ വസ്തു വിറ്റതിന് ശേഷമുള്ള പണം ആവശ്യപ്പെട്ടാണു മര്‍ദ്ദനമെന്ന് അമര്‍ പറയുന്നു. അമ്മയെ കാണാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ മകൾ അറസ്റ്റിലായിട്ടുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലാണ് ആസാദ് നഗര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇത് കൂടാതെ മറ്റു ക്രിമിനല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: Woman Bites, Beats Mother In Haryana, Viral Video