ഭർത്താവിൻ്റെ മർദനമേറ്റ ഭാര്യ ആശുപത്രിയിൽ; കേസെടുത്തില്ലെന്നും പ്രതിക്ക് VIP പരിഗണനയെന്നും ആരോപണം

അരൂര്‍(ആലപ്പുഴ): അരൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ മേപ്പാടത്ത് മിനി (47) യെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. നെറ്റിക്കുണ്ടായ പൊട്ടലില്‍ അഞ്ച് തുന്നലുകളുണ്ട്. മൂക്കിന്റെ പാലത്തിന് ഒടിവുണ്ട്. കൂടാതെ മുഖത്തും വലതു കൈക്കും അടക്കം ശരീര ഭാഗങ്ങളില്‍ ശക്തമായ ചതവും ഉണ്ട്. പരിക്കുകളോടെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ കഴിയുന്ന മിനിയുടെയും രണ്ട് മക്കളുടെയും പരാതിയില്‍ അരൂര്‍ പോലീസ് കേസെടുത്തത് ഉന്നതോദ്യോഗസ്ഥരുടെ ഇടപെടലിനു ശേഷമാണെന്ന് ആക്ഷേപം.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മിനിയും കുട്ടികളും താമസിച്ചിരുന്ന വീട് അമ്മനേഴത്ത് ക്ഷേത്രത്തിനു സമീപമാണ്. ഇവിടത്തെ കുളിമുറി തകര്‍ന്ന് വീണതുമൂലം ആഴ്ചകളായി അമ്മയും രണ്ട് പെണ്‍കുട്ടികളും മിനിയുടെ അമ്മയുടെ വീട്ടിലാണ് താമസം. മിനിയുടെ ഭര്‍ത്താവ് പ്രജീഷുമായുള്ള വഴക്കും മാറിത്താമസത്തിനു കാരണമാണ്. ഇവര്‍ തമ്മില്‍ കുടുംബ കോടതിയിലും കേസുകളുണ്ടായിട്ടുണ്ട്.
മാറി താമസിക്കുകയാണെങ്കിലും ഇടയ്ക്ക് അമ്മനേഴത്തെ വീട്ടിലെത്തി മുറ്റമടിച്ചിടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ മിനി ചെയ്തിരുന്നു. ഇത്തരത്തില്‍ ചൊവ്വാഴ്ച വൈകീട്ട് എത്തിയപ്പോള്‍ വീട് തുറന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മക്കളായ ആഷ്മിയും അനീറ്റയും പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പറഞ്ഞു വിടുകയായിരുന്നു.
അന്ന് അവിടെ കിടക്ക ലഭ്യമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ തേടി തിരികെ മടങ്ങി. ബുധനാഴ്ച വീണ്ടും ഡോക്ടറെ കണ്ട് മടങ്ങി സ്റ്റേഷനിലെത്തിയ ഇവരോട് പോലീസ് അവഗണനയോടെ പെരുമാറിയെന്നാണ് പരാതി. മാത്രമല്ല മിനിയെ മര്‍ദിച്ച പ്രജീഷിന് സ്റ്റേഷനില്‍ വി.ഐ.പി. പരിഗണന ലഭിച്ചതായും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ അടക്കം ബന്ധപ്പെട്ട ശേഷമാണ് പോലീസ് വീണ്ടും വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തത് എന്ന് ഇവര്‍ പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മിനി ചേര്‍ത്തല താലൂക്കാശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി അഡ്മിറ്റായി.
എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അക്രമ വിവരം അറിഞ്ഞപ്പോള്‍ സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു. അയല്‍വാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പിറ്റേന്ന് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തി ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാര്‍ ഒഴിഞ്ഞുമാറി. പിന്നീട് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അക്രമം നടത്തിയയാള്‍ക്കെതിരേ 325-ാം വകുപ്പിട്ട് കേസെടുത്തതായും അരൂര്‍ പോലീസ് അറിയിച്ചു.
Content Highlights: woman attacked by husband in aroor