ജയിലിലുള്ള ഭർത്താവിന് നൽകാൻ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; പ്രസവവാർഡിലെ കൂട്ടിരിപ്പുകാരി പിടിയിൽ

#സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരിൽനിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. വെളിച്ചെണ്ണ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നത് എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ആശുപത്രിയിലുള്ള തടവുകാരുടെ കൈയിൽ ഇത് കൊടുത്തുവിടാനായായിരുന്നു പദ്ധതി എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: woman was arrested at Kozhikode Medical College for smuggling 28g of hashish oil hidden in a coconut oil bottle.