ബാബയ്ക്കെതിരേ മുൻപ് ലൈംഗികാതിക്രമ കേസും; തിക്കുംതിരക്കുമുണ്ടായത് കാല്‍പ്പാദം പതിഞ്ഞ മണ്ണ് ശേഖരിക്കാൻ

ഭോലെ ബാബ എന്ന സുരാജ് പാല്‍ | Photo Courtesy: x.com/Shubham_fd
ഭോലെ ബാബ എന്ന സുരാജ് പാല്‍ | Photo Courtesy: x.com/Shubham_fd

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും 121 പേര്‍ മരിക്കാനിടയായ 'സത്സംഗ്' സംഘടിപ്പിച്ച വിവാദ ആള്‍ദൈവം ഭോലെ ബാബ ലൈംഗികാതിക്രമക്കേസിലും പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും രാജസ്ഥാനിലും ഭോലെ ബാബ എന്ന സുരാജ് പാലിനെതിരേ കേസുകളുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ ഉത്തര്‍പ്രദേശ് പോലീസിലായിരുന്നു സുരാജ് പാലിന്റെ ജോലി. യു.പി. പോലീസിന്റെ പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റില്‍ 18 വര്‍ഷത്തോളം ജോലിചെയ്തശേഷം 1990-ല്‍ ഇയാള്‍ സ്വയം വിരമിച്ചു. ഇതിനുപിന്നാലെയാണ് ആള്‍ദൈവമായി പ്രശസ്തി നേടിയത്. 

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച്, ഏട്ടാ, ബ്രാജ് മേഖലകളില്‍ ഇയാള്‍ക്ക് നിരവധി അനുയായികളുണ്ട്. ദരിദ്ര-മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു ഭോലെ ബാബയുടെ അനുയായികളില്‍ ഭൂരിഭാഗം പേരും.

ഭോലെ ബാബയുടെ 'സത്സംഗ്' ഇതിനു മുന്‍പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊപ്പം ഭോലെ ബാബയ്‌ക്കെതിരേ ആഗ്ര, ഇട്ടാവ, കസ്ഗഞ്ച്, ഫാറൂഖാബാദ്, എന്നിവിടങ്ങളിലും രാജസ്ഥാനിലും കേസുകളിലുണ്ടായിരുന്നു. 1997-ലാണ് ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമക്കേസെടുത്തതെന്നും ഇതില്‍ ശിക്ഷ അനുഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞദിവസം നടന്ന പരിപാടിക്ക് ശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും ബാബയുടെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് യു.പി. സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

Content Highlights: who is bhole baba hathras stampede