'കാമുകി'യാകാൻ നിരക്ക് പതിനായിരങ്ങൾ; ആഡംബരവേശ്യാലയ വിവാദത്തിൽ ഇന്ത്യൻസംരംഭകൻ യു.എസിൽ അറസ്റ്റിൽ

അനുരാഗ് ബാജ്പേയി, വാട്സാപ്പ് ചാറ്റ് | Photo: https://x.com/MarioNawfal
അനുരാഗ് ബാജ്പേയി, വാട്സാപ്പ് ചാറ്റ് | Photo: https://x.com/MarioNawfal

വാഷിങ്ടൺ: യു.എസിൽ ആഡംബര വേശ്യാലയ വിവാദത്തിൽ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് നടന്ന ആഡംബര വേശ്യാലയം നിരവധി തവണ സന്ദർശിച്ചതായും യുവതികൾക്കായി ഇയാൾ വൻ തുക മുടക്കിയതായും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

2025 തുടക്കംമുതൽ അപ്പാർട്മെന്റ് കേന്ദീകരിച്ച് പ്രവർത്തിക്കുന്ന വേശ്യാലയത്തിൽ മണിക്കൂർ നിരക്കിൽ ലൈംഗിക സേവനങ്ങൾ നൽകിവരുന്നുണ്ടെന്നും ഇതിനായി വലിയ തുക ഇടപാടുകാരിൽനിന്ന് ഈടാക്കിയിരുന്നതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അനുരാഗ് ബാജ്പേയി അടക്കമുള്ള നിരവധി ഉന്നതർ ഇത്തരം വേശ്യാലയത്തിലേക്കായി പണം ഒഴുക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അനുരാഗ് ബാജ്പേയ് വേശ്യാലയത്തിൽ നിരവധി തവണ സന്ദർശനം നടത്തിയതായും കുറ്റപത്രത്തത്തിൽ പറയുന്നുണ്ട്. 

ഹാർവാഡ് സർവകലാശാലയ്ക്കടുത്തായാണ് ഈ ആഡംബര വേശ്യാലയം പ്രവർത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരായിരുന്നു ലക്ഷ്യം. ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ ഇവിടത്തെ സന്ദർശകരായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 600 ഡോളറായിരുന്നു (ഏകദേശം 50,000 രൂപ) ഇവിടെ നിരക്ക് ഈടാക്കിയിരുന്നത്. സമൂഹത്തിൽ ഉന്നത നിലയിലെന്ന് കരുതപ്പെടുന്ന 30-ഓളം പേർ ഇവിടെ സന്ദർശകരായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

യുവതികൾക്കുവേണ്ടി വേശ്യാലയത്തിലെ ജീവനക്കാരുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. കാമുകിമാരായി അഭിനയിച്ച് കൂടെനിൽക്കാൻ മണിക്കൂർ നിരക്കിലാണ് ചാർജ് ഈടാക്കിയിരുന്നത്. ഓരോ യുവതികൾക്കും വ്യത്യസ്ത തുകയായിരുന്നു. 30 മിനിറ്റിന് 240 ഡോളർ, 60 മിനിറ്റിന് 340 ഡോളർ എന്നിങ്ങനെയായിരുന്നു ഇത്. ഇക്കാര്യം വ്യക്തമാക്കുന്ന ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടതായി ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു.

ജല ശുദ്ധീകരണ സാങ്കേതികവിദ്യയിൽ വിദഗ്ധനാണ് ബാജ്പേയി. സയന്റിഫിക് അമേരിക്കയുടെ വാർഷികത്തിൽ ലോകത്തെ മാറ്റിമറിച്ച മികച്ച 10 ആശയങ്ങളിൽ ഒന്ന് ഇയാളുടേതായിരുന്നു. ഇന്ത്യൻ വംശജനായ ബാജ്പേയി, നിലവിൽ അമേരിക്കയിലെ മലിനജല സംസ്കരണ സ്ഥാപനമായ ഗ്രാഡിയന്റെ സഹസ്ഥാപകനും സിഇഒയുമാണ്. എംഐടിയിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ പിച്ച്ഡി നേടിയ ശേഷം ജലസംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 

ബാജ്പേയിയുടെ അറസ്റ്റിന് പിന്നാലെ, തങ്ങൾ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നുവെന്നും വൈകാതെതന്നെ എല്ലാം അനുകൂലമായി പരിഹിക്കപ്പെടുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: who is anurag bajpayee indian origin ceo arrested luxury brothel scandal us