മരണക്കളിയായ 'റഷ്യന്‍ റൂലെറ്റ്' പോലെ; ലിയാമിന്റെ ജീവനെടുത്തത് പിങ്ക് കൊക്കെയ്ന്?

വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയ്‌നിന്റെ മരണം ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയാണ് ലിയാം പെയ്ന്‍ ആത്മഹത്യ ചെയ്തത്. ഇതിന് മുമ്പ് ഹോട്ടലില്‍ അക്രമാസക്തനായി കാണപ്പെട്ട പെയ്ന്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു.
പെയ്‌നിന്റെ മൃതദേഹത്തില്‍ നടത്തിയ വിഷപരിശോധനയില്‍ കൊക്കെയ്‌ന്റെ അംശം കണ്ടെത്തിയിരുന്നു. 'പിങ്ക് കൊക്കെയ്ന്‍' ഉള്‍പ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ സാന്നിധ്യം ലിയാം പെയ്‌നിന്റെ മൃതദേഹത്തിലുണ്ടായിരുന്നുവെന്ന് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സാധനങ്ങളും ലിയാമിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു.
മരണത്തിന് ഏറെ സാധ്യതയുള്ള ഗെയിം ആയ 'റഷ്യന്‍ റൂലെറ്റി(Russian Roulette)'നോടാണ് ഡിസൈനര്‍ ഡ്രഗ് ആയ 'പിങ്ക് കൊക്കെയ്'നെ വിദഗ്ദ്ധര്‍ ഉപമിക്കുന്നത്. ദീര്‍ഘകാലയളവില്‍ മാനസികാരോഗ്യത്തെ ബാധിക്കുന്നതും മരണത്തിനുവരെ കാരണമായേക്കാവുന്നതുമായ ലഹരിമരുന്ന് കൂടിയാണ് പിങ്ക് കൊക്കെയ്ന്‍.
എന്താണ് പിങ്ക് കൊക്കെയ്ന്‍ ?
പേരില്‍ പിങ്ക് കൊക്കെയ്ന്‍ എന്നുണ്ടെങ്കിലും അതില്‍ കൊക്കെയ്‌ന്റെ അംശം കുറവാണ്. എം.ഡി.എം.എ. (എക്സ്റ്റസി), കെറ്റാമൈന്‍, കഫീന്‍, മെത്താംഫെറ്റമീന്‍, ഹാലൂസിനോജനുകള്‍, ബാത്ത് സാള്‍ട്ട് തുടങ്ങിയ അപകടസാധ്യതയുള്ള വസ്തുക്കളുടെ മിശ്രിതമാണ് പിങ്ക് കൊക്കെയ്ന്‍. ഈ മിശ്രിതം ഗുരുതരമായ പ്രതികൂല ഫലങ്ങളുണ്ടാക്കുകയും ദീര്‍ഘകാല ആസക്തിയിലേക്ക് നയിക്കുകയും ചെയ്യും.
ഫുഡ് കളര്‍ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് പിങ്ക് നിറം. ചിലപ്പോള്‍ ഇത് സ്‌ട്രോബെറി ഫ്‌ളേവറിലും ലഭിക്കും. 2018 മുതല്‍ ലാറ്റിന്‍ അമേരിക്കന്‍ പാര്‍ട്ടികളിലാണ് ഇതിന് ജനപ്രീതി ലഭിച്ചത്. ഒരു ഗ്രാം പിങ്ക് കൊക്കെയ്‌ന് അമേരിക്കയില്‍ 20 മുതല്‍ 100 ഡോളര്‍ വരെയാണ് വില. സോഷ്യല്‍ മീഡിയയിലൂടേയും ഓണ്‍ലൈനിലൂടെയുമാണ് വില്‍പന കൂടുതലായും നടക്കുന്നത്.
പിങ്ക് കൊക്കെയ്‌നിലെ മിശ്രിതം എന്താണെന്നും അത് എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനേയും ആശ്രയിച്ചാണ് ഇത് ശരീരത്തെ ബാധിക്കുന്നത്. ഉത്കണ്ഠ, ഉയര്‍ന്ന ശരീരതാപനില, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, സോഡിയത്തിന്റെ അളവിലുള്ള കുറവ്, അപസ്മാരം, കോമ എന്നിവ ഉണ്ടായേക്കാം.
ഭീകരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പിങ്ക് കൊക്കെയ്ന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ലിയാമും അതിരുവിട്ട് പെരുമാറിയിരുന്നു. ലാപ്ടോപ്പ് തകര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ച ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിച്ച് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടി വന്നു.
ലിയാം പെയിനിന് മുന്‍ കാമുകി മായ ഹെന്റിയുമായി നിയമപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. 2022-ലാണ് ഇരുവരും പിരിഞ്ഞത്. ടെക്സാസ് കേന്ദ്രീകരിച്ചുള്ള മോഡലും എഴുത്തുകാരിയുമാണ് മായ ഹെന്റി. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മായ ഹെന്റിയെ ബന്ധപ്പെടാന്‍ ലിയാം പല തവണ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ലിയാം പെയിനും നിലവിലെ കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ചുപോവുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: what is pink cocaine the unpredictable party drug linked to liam paynes death