ബംഗാളിൽ ഒരുദിവസം രണ്ട് ‘ഏറ്റുമുട്ടൽ’ക്കൊലകൾ; ആത്മരക്ഷാർഥം വെടിവെച്ചതെന്ന പതിവ് കഥയുമായി പോലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒരേദിവസം രണ്ട് ‘ഏറ്റുമുട്ടൽ’ക്കൊല (encounter killing) നടത്തി സംസ്ഥാന പോലീസ്. 24 പർഗാനാസ്-വടക്ക് ജില്ലയിലെ ഗായ്ഘട്ടയിൽ ബലാത്സംഗക്കൊലക്കേസിലെ പ്രതി പ്രഹ്ളാദ് ദാസിനെയും, മുർഷിദാബാദ് ജില്ലയിലെ ധൂലിയാനിൽ ബി.ജെ.പി. പ്രവർത്തകൻ സുജിത് മണ്ഡലിനെ കൊന്ന കേസിലെ പ്രതി സമാവുൻ ഷേഖിനെയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വെടിവെച്ചുകൊന്നത്.
കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതികൾ വെടിയുതിർത്തെന്നും ആത്മരക്ഷാർഥം തിരിച്ചുള്ള വെടിവെപ്പിൽ അവർ കൊല്ലപ്പെട്ടെന്നുമാണ് പോലീസിന്റെ ഭാഷ്യം. മൂന്നുമാസംമുൻപ് ബാരുയിപ്പുരിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നപ്പോഴും ഇതേ ന്യായമാണ് പോലീസ് പറഞ്ഞത്.
സുജിത് മണ്ഡലിന്റെ കൊലക്കേസ് അന്വേഷിക്കുന്ന സംസ്ഥാന പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഷംഷേർഗഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഡാക് ബംഗ്ളാ പ്രദേശത്ത് തെളിവെടുപ്പ് നടത്തുമ്പോഴാണ് പ്രതി സമാവുൻ കൊല്ലപ്പെട്ടത്. സർവീസ് റിവോൾവർ തട്ടിയെടുത്ത് പ്രതി മൂന്നുറൗണ്ട് വെടിവെച്ചെന്ന് പോലീസ് പറഞ്ഞു.
മകന് കഠിനശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിച്ചതെങ്കിലും ഏറ്റുമുട്ടൽക്കൊല വേണ്ടിയിരുന്നില്ലെന്ന് കൊല്ലപ്പെട്ട പ്രഹ്ളാദ് ദാസിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
“ഓടിപ്പോകാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത്രയും പോലീസ് നിൽക്കെ എങ്ങനെ രക്ഷപ്പെടുമെന്നാണ്? എന്തായാലും തെറ്റുചെയ്തു. ശിക്ഷയും കിട്ടി. അമ്മയെന്നനിലയിൽ ദുഃഖവും പൗരയെന്നനിലയിൽ സന്തോഷവുമുണ്ട്. ഇത്തരം ക്രൂരപ്രവൃത്തികൾ ഇനിയാരും ചെയ്യാതിരിക്കട്ടേ’’ - അവർ പറഞ്ഞു.
അതേസമയം, പോലീസ് ചെയ്തത് ശരിയാണ് എന്നാണ് പ്രഹ്ലാദ് ദാസിന്റെ അച്ഛൻ പ്രതികരിച്ചത്. ഗായ് ഘാട്ട ഏറ്റുമുട്ടൽക്കൊല തിരക്കഥയനുസരിച്ച് തയ്യാറാക്കിയതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു.
Content Highlights: West Bengal police conducted two encounter killings in a single day, targeting suspects Prahlad Das and Samavun Sheikh in separate cases of rape-murder and BJP worker murder, respectively. Police claim the suspects were shot in self-defense after attempting to seize police weapons, a justification previously used in a similar case three months ago. Reactions to the encounters are mixed, with the victims' families expressing both grief and acceptance, while political figures like CPM's Mohammad Salim allege the incidents were staged.