യുവതിയേക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യംചെയ്തതിൽ തർക്കം; കലാശിച്ചത് സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ

വണ്ടൂർ: യുവതിയെക്കുറിച്ച് അപവാദം പറഞ്ഞത് ബന്ധുക്കൾ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം രാഷ്ട്രീയ ചേരിതിരിവിലേക്കു വഴിമാറി സംഘർഷത്തിൽ കലാശിച്ചു. വണ്ടൂർ കാപ്പിലിലാണ് കോൺഗ്രസ്, സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷമുടലെടുത്തത്. തുടർന്ന് കേസുകളുടെ പരമ്പരയും. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിലും മറ്റു മൂന്നു പരാതികളിലുമായി ഇതുവരെ 30 പേർക്കെതിരേ കേസെടുത്തു.
അപവാദം പറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉച്ചയോടെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയതിനെത്തുടർന്ന് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം സി.പി.എം. പ്രവർത്തകർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, കാപ്പിൽ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് തടഞ്ഞു. ഇതോടെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 14 പേർക്കെതിരേ കേസായി.
സംഘർഷവുമായി ബന്ധപ്പെട്ട് മർദനമേറ്റെന്ന രണ്ട് സി.പി.എം. പ്രവർത്തകരുടെ പരാതിയിൽ 10 കോൺഗ്രസ് പ്രവർത്തകർക്കെതിരേയും കേസുണ്ട്. മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ നാല് സി.പി.എം. പ്രവർത്തകർക്കെതിരേയും കേസെടുത്തു. ഇതേ സംഭവത്തിൽ തങ്ങളുടെ നാലു പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ മർദിച്ചെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി.യും പരാതി നൽകിയിട്ടുണ്ട്.
Content Highlights: Dispute originated from personal defamation of a woman., Escalated into a political confrontation between Congress and CPM., Police filed cases against 30 individuals for various offenses., Allegations of biased police conduct raised by Congress leaders., Multiple cross-complaints filed including assault and obstruction of duty.