6000 കോടി രൂപയുടെ ലഹരി: പ്രധാനകണ്ണിയെ ദുബായിൽനിന്ന് പൊക്കി; എവിടെ ഒളിച്ചാലും രക്ഷയില്ലെന്ന് അമിത് ഷാ

#ന്യൂസ് ഡെസ്ക്
വീരേന്ദർ ബൈസോയയെ ഇന്ത്യയിലെത്തിച്ചപ്പോൾ | Photo: ANI video screen grab
വീരേന്ദർ ബൈസോയയെ ഇന്ത്യയിലെത്തിച്ചപ്പോൾ | Photo: ANI video screen grab

ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ വീരേന്ദർ സിങ് ബൈസോയയെ ദുബായിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പുണെയിലെ 6000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണിയായ ഇയാൾക്കെതിരെ നേരത്തേ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 4310 വിമാനത്തിലാണ് ഇയാളെ കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. ദുബായിൽ അറസ്റ്റിലായ വീരേന്ദർ ബൈസോയയെ കേന്ദ്രസർക്കാർ മുൻകൈയെടുത്താണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

ഡൽഹി പോലീസ് 13000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ സന്ദീപ് ധുനിയയുടെ അടുത്തയാളാണ് വീരേന്ദർ ബൈസോയ. സന്ദീപും ദുബായിലാണ് ഉണ്ടായിരുന്നത്. നിലവിൽ ഇയാൾ പാകിസ്താനിലേക്ക് കടന്നതായാണ് റിപ്പോർട്ട്.

വിദേശരാജ്യങ്ങളിലിരുന്ന് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തി അവരുടെ ശൃംഖല തകർക്കുന്നതിന് നിർദയമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വീരേന്ദർ ബൈസോയയെ ഇന്ത്യയിലെത്തിച്ച വിവരം പങ്കുവെച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഒളിവിലായിരുന്ന വീരേന്ദർ ബൈസോയയെ യുഎഇയിൽ നിന്ന് എൻസിബി ഇന്ത്യയിലെത്തിച്ചു. ഇതുവഴി മയക്കുമരുന്നിനെതിരെ സന്ധിയില്ലെന്ന നയത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. അടിമുടി പിന്തുടർന്നുകൊണ്ട് കുറ്റവാളിയെ കണ്ടെത്തിയതിലൂടെ, മയക്കുമരുന്ന് കടത്തുന്നവർ എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്റെ നീണ്ട കൈയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് കഴിയില്ലെന്ന് നമ്മുടെ ഏജൻസികൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.' -അമിത് ഷാ കുറിച്ചു.

Content Highlights: Key international drug syndicate operative Virender Baisoya, wanted in the Rs 6,000 crore Pune drug case, was extradited from Dubai to Delhi by the NCB, prompting Union Home Minister Amit Shah to reiterate India's zero-tolerance policy against narcotics.