അഫാന് 60000 രൂപ അയച്ചിരുന്നുവെന്ന് പിതാവ്, കുടുംബത്തിന്റെ കടബാധ്യത റഹീം അറിഞ്ഞിരുന്നില്ലെന്ന് പോലീസ്

അഫാന്റെ പിതാവ് റഹീം/ അഫാന്‍ | Photo: Mathrubhumi
അഫാന്റെ പിതാവ് റഹീം/ അഫാന്‍ | Photo: Mathrubhumi

തിരുവനന്തപുരം: കുടുംബത്തിന് ലക്ഷങ്ങളുടെ കടബാധ്യതയുള്ളത് അഫാനും മാതാവ് ഷെമിയും ഗള്‍ഫിലുള്ള പിതാവിനെ അറിയിച്ചിരുന്നില്ലെന്ന് പോലീസ്. ചിട്ടിയിലും പലിശ ഇടപാടിലും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. 

കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന അഫാന്‍ നേരത്തെ പോലീസ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ പിതാവ് റഹീം പോലീസിന് നല്‍കിയ മൊഴി ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു. അഫാന്‍ പറയുന്നതുപോലെയുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനില്ലെന്നായിരുന്നു പിതാവിന്റെ മൊഴി. ഇതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില്‍ വീണ്ടും അവ്യക്തത വന്നത്. 

എന്നാല്‍ പിന്നീട് പോലീസ് ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്തി വ്യക്തത വരുത്തി. അഫാന്റെ കുടുംബവുമായി സാമ്പത്തികമായ ഇടപാടുള്ളവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍നിന്നാണ് കടബാധ്യത പോലീസ് സ്ഥിരീകരിച്ചത്. 

15 ലക്ഷം രൂപയുടെ കടമാണ് ഉള്ളതെന്നും അത് താന്‍തന്നെ പരിഹരിക്കുമായിരുന്നു എന്നുമാണ് റഹീം പറഞ്ഞത്. പുതിയ വീട് വെച്ചതുമായി ബന്ധപ്പെട്ട കടങ്ങളൊന്നും നിലവിലില്ലെന്നും കൊല്ലപ്പെട്ട ഫര്‍സാനയുടെ സ്വര്‍ണമാല പണയം വെച്ചത് തിരിച്ചെടുക്കാന്‍ അഫാന് ദിവസങ്ങള്‍ക്ക് മുമ്പ് 60,000 രൂപ അയച്ചുകൊടുത്തിരുന്നുവെന്നും റഹീം വ്യക്തമാക്കിയിരുന്നു.  അഫാനോട് നിരന്തരം വാട്സാപ്പ് വഴി വിളിക്കുമായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ചയ്ക്ക് മുൻപും മകനോട് സംസാരിച്ചിരുന്നു. ഒരു സമയത്തും എനിക്ക് വിദേശത്തേക്ക് പണം അയച്ചിട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ആശുപത്രിയിലുള്ള അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തിങ്കളാഴ്ച്ച ആശുപത്രി വിട്ടശേഷം അഫാനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും. വെഞ്ഞാറമ്മൂട് സ്‌റ്റേഷനില്‍ രണ്ട് കേസുകളില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനുമുണ്ട്. 

Content Highlights: venjaramoodu mass murder case reason