'കടംകയറിയത് ആര്‍ഭാടജീവിതംകൊണ്ടാണെന്ന് ലത്തീഫ് കുറ്റപ്പെടുത്തി'; കൂസലില്ലാതെ ക്രൂരത വിവരിച്ച് അഫാന്‍

വെഞ്ഞാറമൂട്: ആർഭാടജീവിതം നയിക്കുന്നുവെന്ന് തന്നെയും മാതാവിനെയും നിരന്തരം കുറ്റപ്പെടുത്തിയതിനാണ് പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്ന് അഫാൻ. ആർഭാടജീവിതം കാരണമാണ് കടംകയറിയതെന്നു പറഞ്ഞ് ലത്തീഫ് തന്നെയും മാതാവിനെയും നിരന്തരം കുറ്റപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും അഫാൻ.
പിതൃസഹോദരനെ തലയ്ക്കടിച്ചുകൊന്നതിൽ കുറ്റബോധമോ കൂസലോ ഇല്ലാതെയാണ് അഫാൻ തെളിവെടുപ്പിനിടെ തന്റെ കൊടുംക്രൂരതകൾ വിവരിച്ചത്. പിതാവിന്റെ സഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സാജിത ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂർ പോലീസ് ചുള്ളാളം എസ്എൻ പുരത്തെ ലത്തീഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
കൊലപാതക പരമ്പരയിലെ രണ്ടാംഘട്ട തെളിവെടുപ്പാണ് കിളിമാനൂർ എസ്എച്ച്ഒ ബി. ജയന്റെ നേതൃത്വത്തിൽ നടന്നത്. താൻ 80000 രൂപ ലത്തീഫിനു നൽകാനുണ്ടായിരുന്നു. ഇതിനെപ്പറ്റിയും നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. തന്റെ ആർഭാടജീവിതം കൊണ്ടാണ് കടംകയറിയതെന്ന് പലരോടും പറഞ്ഞിരുന്നു.
പിതൃമാതാവ് തന്നെ സാമ്പത്തികമായി സഹായിക്കുന്നതിൽനിന്ന് ലത്തീഫ് വിലക്കിയതും വൈരാഗ്യത്തിനു കാരണമായി. ഒന്നാംഘട്ട തെളിവെടുപ്പുപോലെ യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാൻ ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും ക്രൂരമായി കൊലപ്പെടുത്തിയ രീതി പോലീസിനോടു വിവരിച്ചത്.
ജനുവരി 24-ന് ഉച്ചയോടെ അഫാൻ വീട്ടിലെത്തിയപ്പോൾ ഇരുവരും ഹാളിലുണ്ടായിരുന്നു. തന്നെ കണ്ടപ്പോൾതന്നെ സാജിത ബീവി അടുക്കളയിലേക്കു പോയി. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈയിൽ കരുതിയിരുന്ന ചുറ്റികയെടുത്ത് ലത്തീഫിനെ ആക്രമിച്ചത്. ഇതിനിടെ ലത്തീഫിന്റെ മൊബൈലിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റികകൊണ്ടു തലയ്ക്കടിച്ചു. അടികൊണ്ട് ഹാളിലെ സോഫയിൽ വീണ ലത്തീഫ് മരിച്ചു.
ശബ്ദംകേട്ട് ഹാളിലേക്കെത്തിയപ്പോഴാണ് സാജിത ബീവിയെ മർദിച്ചത്. അടുക്കളയിലേക്ക് ഓടിയപ്പോൾ അഞ്ചിലേറെ തവണ ചുറ്റികകൊണ്ടു അടിച്ചു. അടുക്കളയിലെ ഇടനാഴിയിൽ വീണ സാജിത ബീവിയെ അവിടെനിന്നു വലിച്ച് അകത്തേക്കിടുകയായിരുന്നു.
ചുറ്റിക വാഷ്‌ബെയ്‌സിനിലെ വെള്ളത്തിൽ കഴുകി. കൈയിൽ കരുതിയിരുന്ന സിഗരറ്റും വലിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.
പോകുന്ന സമയത്ത് ലത്തീഫിന്റെ മൊബൈൽഫോണും വീടിന്റെയും കാറിന്റെയും താക്കോലും എടുത്തു. അപ്പോഴും ലത്തീഫിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. വീട്ടിൽനിന്ന് 200 മീറ്റർ മാറി ഒരിടത്ത് ആ ഫോണും വീടിന്റെ താക്കോലും ഉപേക്ഷിച്ചു. തെളിവെടുപ്പിനിടെ പോലീസ് ഈ ഫോണും താക്കോലും കണ്ടെടുത്തു. തെളിവെടുപ്പിനായി ബോംബ് സ്ക്വാഡിനെയും എത്തിച്ചിരുന്നു. മൊബൈൽഫോൺ കണ്ടെത്തുന്നതിനാണ് ബോംബ് സ്ക്വാഡിനെ കൊണ്ടുവന്നത്. തുടർന്ന് അഫാന്റെ പേരുമലയിലെ വീട്ടിൽ എത്തിച്ച് ആക്രമണത്തിനായി വാങ്ങിയ മുളകുപൊടിയും പോലീസിന് എടുത്തുനൽകി. സിഗരറ്റ്, എലിവിഷം, ചുറ്റിക, സോഫ്ട് ഡ്രിങ്ക്‌സ്, മുളകുപൊടി, ബാഗ് എന്നിവ വാങ്ങിയ കടകളിലും അഫാനെ എത്തിച്ച് തെളിവെടുപ്പു പൂർത്തിയാക്കി.
ബുധനാഴ്ച ഉച്ചയ്ക്കുശേഷം അഫാനെ കോടതിയിൽ ഹാജരാക്കും. അതിനുശേഷമാകും സുഹൃത്ത് ഫർസാനയെയും സഹോദരൻ അഫ്‌സാനെയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങുക.
Content Highlights: Afan confessed killing Latheef over accusations of a lavish lifestyle