സ്ഥിരമായ വാസസ്ഥലമില്ല, ഫോൺ ഉപയോഗിക്കില്ല; വാഹനമോഷണക്കേസിലെ പ്രതി 26 വർഷത്തിനുശേഷം പിടിയിൽ

കോട്ടയം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതി 26 വർഷത്തിനുശേഷം കോട്ടയം രാമപുരം പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം പൊയ്കക്കട ഇൻതുങ്കൽ വീട്ടിൽ സുനിൽകുമാറാണ് 26 വർഷങ്ങൾക്കുശേഷം രാമപുരം പോലീസിന്റെ വലയിലായത്. തിരുവനന്തപുരം വട്ടപ്പാറയിൽ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. 1999 മെയ് 30-ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടിൽനിന്ന് ഹീറോ ഹോണ്ട മോട്ടോർ സെെക്കിൾ മോഷ്ടിച്ച മൂന്നുപ്രതികളിൽ രണ്ടാം പ്രതിയാണ് ഇയാൾ.
കേസിലെ ഒന്നും മൂന്നും പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ സുനിൽകുമാറിനെ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൊടുമൺ സ്വദേശിയാണ്. പൊതുചടങ്ങുകളിൽ ഒന്നും പങ്കെടുക്കാതെ ജീവിച്ചുവരികയായിരുന്നു സുനിൽകുമാർ.
വാട്സ്ആപ്പ് വഴി ആവശ്യക്കാർക്ക് മറ്റുള്ള ആൾക്കാർവഴി ലോട്ടറി എത്തിച്ചു കൊടുത്തിരുന്നു. ഒരുവർഷം മുൻപുവരെ പിരപ്പൻകോട് ആയിരുന്നു താമസം. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റുള്ളവരുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം സുനിൽകുമാറിന് ഇല്ലാത്തതിനാലും മൊബെെൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നതിനാലും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നിലധികം പട്ടിയെ വളർത്തിയിരുന്നതിനാൽ അയൽവാസികൾക്ക് മറ്റും വീട്ടിലേക്ക് കയറുന്നതിനും തടസ്സമായിരുന്നു. കേരളത്തിൽ കല്ലമ്പലം, കിളിമാനൂർ, അഞ്ചൽ, പാലാ, രാമപുരം പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്. ഇയാൾക്ക് മറ്റ് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. രാമപുരം പോലീസ് അറസ്റ്റുചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്‍റെ നിർദേശപ്രകാരം പാലാ ഡിവെെഎസ്പി സദന്റെ മേൽനോട്ടത്തിൽ രാമപുരം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിലാഷ് കുമാർ, സിപിഒ അനീഷ്, സിപിഒ ശാന്തി ടി ശശി, അനീഷ്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: vehicle theft culprit found after 26 years by ramapuram police