CJP സമരത്തിന് പിന്തുണ; വേടന്റെ പരിപാടിക്കെതിരെ FIR, 200-ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി(CJP)യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. ഗായകൻ വേടന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗീത പരിപാടിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് നടപടി.
വേടനെ കൂടാതെ ഫുട്‌ബോൾതാരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, കെ.കെ. ഷാഹിന, മനീഷാ രാധാകൃഷ്ണൻ, എഴുത്തുകാരി നവമി തുടങ്ങിയവരും പരിപാടിയ്ക്ക് എത്തിയിരുന്നു. 'ആസാദി പാട്ടും പ്രതിഷേധവും-നമ്മളും അവർക്കൊപ്പം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആൾക്കൂട്ടം സംഘടിപ്പിക്കുകയും പരിപാടി നടത്തുകയും ചെയ്തു എന്നതാണ് കേസിന് ആധാരമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതുമൂലം വഴി തടസ്സപ്പെട്ടെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ മാനേജരുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവരെ കണ്ടാലറിയാവുന്നവർ എന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പ്രതിഷേധനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമരങ്ങളും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് പനമ്പള്ളി നഗർ സെൻട്രൽ പാർക്കിന് സമീപം വേടന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗീത പരിപാടി സംഘടിപ്പിച്ചത്. മുൻകൂർ അനുമതി തേടുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Content Highlights: FIR filed against singer Vedan and 100 others in Kochi. Protest held in support of CJP student agitation in Delhi. Demanding the resignation of Union Education Minister Dharmendra Pradhan. Police cited lack of prior permission for the public gathering. Case registered under sections related to unauthorized assembly.