പോലീസ് മർദിച്ചെന്ന് സുഗതനും ഭാര്യയും; സുഗതനും കൂട്ടരും പോലീസിനെ മർദിച്ചെന്ന് FIR, തെളിവായി ദൃശ്യങ്ങൾ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതിയും വാഴോട്ടുകോണം ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സുഗതന്റെയും ഭാര്യ അശ്വതിയുടേയും ആരോപണങ്ങൾക്ക് വിപരീതമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സുഗതനെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം ഭാര്യയും മറ്റുചിലരും ചേർന്ന് തടയുന്നതും കോടതി ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പോലീസുകാർ ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ക്ഷേത്രോത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതൻ ഒളിവിൽ പോയത്. ഇയാൾ വീട്ടിലുണ്ട് എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പോലീസ് സുഗതനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
പോലീസ് സംഘത്തോടൊപ്പം വനിതാ പോലീസ് ഇല്ലായിരുന്നവെന്നും പോലീസ് മർദിക്കുകയും മുഖത്തടിക്കുകയും ചെയ്തു എന്നുമാണ് സുഗതന്റെ ഭാര്യ അശ്വതി മാധ്യമങ്ങളോട് പറഞ്ഞത്. മെഡിക്കൽ എടുക്കുന്നതിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ, പോലീസ് മർദിച്ചു എന്നാണ് സുഗതനും ഡോക്ടറോട് അടക്കം പറഞ്ഞത്.
'അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ചിക്കൻ പോക്‌സായതുകൊണ്ടാണ് ഹാജരാകാൻ പറ്റാഞ്ഞത്. വീട്ടിലെത്തിയ പോലീസുകാർ ഭാര്യയേയും കുഞ്ഞിനേയും തല്ലി. വീട്ടിൽ വെടിവെച്ചു.' സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് തറയിലിട്ട് വലിച്ചിഴച്ചെന്നും ദേഹത്ത് മുഴുവൻ മുറിവുകളാണെന്നും പോലീസ് ക്രൂരമായി മർദിച്ചതായുമാണ് ഇയാൾ ഡോക്ടറോട് പറഞ്ഞത്.
എന്നാൽ പോലീസ് പുറത്തുവിട്ടിട്ടുള്ള ദൃശ്യങ്ങളിൽ ഇതിൽ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളാണ് കാണാനാവുക. സുഗതൻ അറസ്റ്റ് ചെറുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പോലീസിനെ വഴിമുടക്കാൻ ശ്രമിക്കുന്ന അശ്വതിയേയും ദൃശ്യങ്ങളിൽ കാണാം. ഇയാളെ പുറത്തെത്തിച്ചതോടെ വീടിനുചുറ്റും ബിജെപി പ്രവർത്തകരും നാട്ടുകാരും കൂടിയിരുന്നു.
പോലീസ് ജീപ്പിൽ കയറാതിരിക്കാൻ സുഗതൻ പരമാവധി ശ്രമിക്കുന്നതും സുഗതന്റെ അനുയായികൾ പോലീസിനുനേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ, രംഗം വഷളായതോടെയാണ് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നതെന്ന് പോലീസ് പറയുന്നു. ശേഷം സുഗതനെയും പ്രതിഷേധക്കാരെയും പോലീസ് വാനിലാണ് സംഭവസ്ഥലത്തുനിന്നും കൊണ്ടുപോയത്.
അതേസമയം, പോലീസുകാരെ മർദിച്ച വകുപ്പുൾപ്പെടെ ചുമത്തിക്കൊണ്ട് മറ്റൊരു കേസുകൂടി പോലീസ് സുഗതനുമേൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ് പോലീസ്. വട്ടിയൂർക്കാവ് എസ്എച്ച്ഓ-യേയും എസ്‌ഐ-യേയും സുഗതൻ കഴുത്തിന് പിടിച്ചുതള്ളി. സുഗതനും കൂട്ടരും എസ്‌ഐയെ മതിലിൽ ചേർത്തുനിർത്തി മർദിച്ചു. പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആർ.
സുഗതനെതിരെ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു. 'ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ സെക്ഷൻ-3 കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് സുഗതന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചേർന്ന് അരക്ഷിതാവസ്ഥ സൃഷ്ടിച്ചതോടെയാണ് പോലീസ് അന്തരീക്ഷത്തിലേക്ക് വെടിവെച്ചത് എന്നാണ് പ്രഥാമിക വിവരം. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.' കമ്മീഷണർ പറഞ്ഞു.
Content Highlights: Police released video evidence debunking allegations of custodial torture by Sugathan and his wife. Sugathan, a KAAPA case accused, was arrested following a court order. New charges registered against Sugathan for assaulting police officers and obstructing official duty. Police fired in the air to disperse a hostile crowd gathered to prevent the arrest. City Police Commissioner confirms Sugathan has been remanded under KAAPA Section 3.