യാത്രാക്കൂലി കൂടിപ്പോയെന്ന് ആരോപിച്ച് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു; സംഭവം വർക്കലയിൽ

വര്‍ക്കല: ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറി (55)നാണ് മര്‍ദനമേറ്റത്. വര്‍ക്കല പാപനാശം കൊച്ചുവിള ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വാഹനവുമായി സവാരി കാത്തുകിടക്കവേ കാറില്‍ എത്തിയാണ് അക്രമികള്‍ സുനില്‍കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
സുനില്‍കുമാറിന്റെ വാഹനത്തില്‍ സവാരി പോയതിന് 100 രൂപ കൂലി വാങ്ങിയെന്നും ഇത് കൂടുതലാണെന്നും പറഞ്ഞാണ് മര്‍ദനം ആരംഭിച്ചത്. മർദിച്ചവരിൽ ഒരാളെ നേരിട്ട് പരിചയമുണ്ടെന്നും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കണ്ടാൽ തിരിച്ചറിയുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
മര്‍ദനത്തില്‍ പരിക്കേറ്റ് അവശനായ സുനില്‍കുമാര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് വര്‍ക്കല പോലീസില്‍ പരാതിയും നല്‍കി. താലൂക്ക് ആശുപത്രിയില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.