പാന്റിൽ മൂത്രമൊഴിച്ചതിന് അധ്യാപിക കത്തി ചൂടാക്കി അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക എഐ ചിത്രം |gemini
പ്രതീകാത്മക എഐ ചിത്രം |gemini

വാരാണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ചുവയസ്സുകാരനായ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയോട് അധ്യാപികയുടെ ക്രൂരത. പാന്റിൽ മൂത്രമൊഴിച്ചതിന് അധ്യാപിക കത്തി ചൂടാക്കി കുട്ടിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചതായാണ് പരാതി. വാരണാസി പാണ്ഡേപുരിലെ നഴ്‌സറി വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ വാരാണാസി പോലീസ് അധ്യാപിക, പ്രിൻസിപ്പൽ,സ്‌കൂൾ മാനേജ്‌മെന്റ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

നഴ്‌സറി വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരൻ ജൂലൈ 24-ന് ക്ലാസിനിടെ മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ അധ്യാപിക അനുവദിക്കാതിരുന്നതിനെ തുടർന്ന് കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചു.

ഇതിൽ പ്രകോപിതയായ പ്രീതി കുശ്വാഹ എന്ന അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി, ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ വിവരം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ കുട്ടി വേദനകൊണ്ട് കരയുകയും അമ്മ പരിശോധിച്ചപ്പോൾ പൊള്ളലേറ്റതായി കാണുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കൾ സ്‌കൂൾ പ്രിൻസിപ്പലിനെയും മാനേജ്മെന്റിനെയും സമീപിച്ചെങ്കിലും അവർ നടപടി എടുക്കുന്നതിന് പകരം തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളോട് സഹാനുഭൂതിയോടെയും മാനുഷിക പരിഗണനയോടെയും പെരുമാറാനുള്ള വിവേകം അധ്യാപകർക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A 5-year-old nursery student was allegedly branded by a teacher with a heated knife., The incident occurred after the child accidentally wet his pants in class., Police have registered a case against the teacher, principal, and school management., The school administration allegedly threatened the parents instead of taking action., Political figures like Akhilesh Yadav have condemned the incident and demanded justice.