കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്, ചില്ലുപൊട്ടി; പ്രതി അറസ്റ്റില്‍

കൊല്ലം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. പ്രാക്കുളം പണ്ടാരഴികത്ത് സുനിലിനെ(38)യാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.
നവംബര്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് കൊല്ലം റെയില്‍വേ സ്റ്റേഷന്‍വിട്ട് ചിന്നക്കട റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടി.
വിവരമറിഞ്ഞയുടന്‍ ആര്‍പിഎഫും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈല്‍ ലൊക്കേഷന്‍ സമയവും പരിശോധിക്കുകയും ചെയ്തു. റെയില്‍വേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. അനീഷ്, എഎസ്‌ഐ പി.എസ്. ജ്യോതീന്ദ്രന്‍, തിരുവനന്തപുരം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എസ്‌ഐ പ്രെയ്സ് മാത്യു, ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അബ്ദുള്‍ സലാം, എസ്. മധു, കൊല്ലം സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിലെ വിജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Man arrested for throwing stones at Vande Bharat Express train near Kollam railway station. Window shattered. RPF investigation leads to quick capture. Details inside.