ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന സംഭവം; പോലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് പിന്നാലെ

#സ്വന്തം ലേഖകൻ
വിസ്മയ, വിജേഷ്,ദക്ഷ്‌
വിസ്മയ, വിജേഷ്,ദക്ഷ്‌

വലപ്പാട്: ഭാര്യയെയും നാലരവയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പോലീസ് സ്‌റ്റേഷനിലെ മധ്യമസ്ഥ ചർച്ചയ്ക്ക് പിന്നാലെ. നാട്ടിക സ്വദേശി തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയ(24)യെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത് അതീവ ഗുരുതരാവസ്ഥയിലായ വിജേഷി(38)നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒന്നരയോടെ വിസ്മയയുടെ വീട്ടിൽവെച്ചായിരുന്നു അക്രമം. വിസ്മയയും വിജേഷും തമ്മിൽ കുറച്ചുകാലമായി അസ്വാരസ്യത്തിലായിരുന്നു. വിസ്മയയുടെ വീട്ടുകാർ ബുധനാഴ്ച രാവിലെ വലപ്പാട് സ്റ്റേഷനിൽ ചെന്ന് വിവരം പറഞ്ഞതിനെത്തുടർന്ന് പോലീസ് ഇരുവരെയും വിജേഷിന്റെ വീട്ടുകാരെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു. വിജേഷിനൊപ്പം താമസിക്കാൻ പ്രയാസമുണ്ടെങ്കിൽ ഇരിങ്ങാലക്കുടയിലെ സർക്കാർ പുനരധിവാസ കേന്ദ്രമായ 'സഖി'യിൽ ആക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും മകനുള്ളതിനാൽ വേണ്ടെന്ന് പറഞ്ഞ് ഇരുവരും വിസ്മയയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

രാത്രി വിസ്മയയുടെ നിലവിളി കേട്ട സഹോദരൻ വികാസ് വാതിൽ തള്ളി തുറന്നപ്പോഴേക്കും വിസ്മയ മുറിവേറ്റ് പുറത്തേക്ക് ഓടുകയായിരുന്നു. 50 മീറ്റർ അകലെ റോഡിൽ തളർന്നുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്നതിനിടെ മകനെ നോക്കണമെന്ന് വിസ്മയ വിളിച്ചു പറഞ്ഞിരുന്നു. ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ വികാസ് മുറി പൂട്ടിയതായി കണ്ട് വിജേഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

വലപ്പാട് പോലീസ് വാതിൽ ചവിട്ടി തുറന്നപ്പോൾ വിജേഷും ദക്ഷും കഴുത്തറുത്ത നിലയിൽ കിടക്കുന്നതാണ് കണ്ടത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ദക്ഷ് മരിച്ചു. വിജേഷിനെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

തൃശ്ശൂരിൽ ലോറി ഡ്രൈവറാണ് വിജേഷ്. വിസ്മയ തൃപ്രയാറിൽ തുണിക്കടയിൽ ജീവനക്കാരിയും ദക്ഷ് ഭാരത് വിദ്യാമന്ദിർ സ്‌കൂളിൽ എൽ.കെ.ജി. വിദ്യാർഥിയുമാണ്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിസ്മയയുടെ അച്ഛൻ വിക്രഞ്ചേരി പരേതനായ മണികണ്ഠൻ. അമ്മ: കനക.

Content Highlights: Vijesh killed his wife Vismaya and 4-year-old son Daksh with a small knife., The incident occurred at Vismaya's house in Valappad following a family dispute., A mediation meeting was held at the Valappad police station just prior to the incident., Vijesh attempted suicide by slitting his throat and is in critical condition at Thrissur Medical College., The couple had marital discord for some time, leading up to this tragic event.