തീൻമേശയിലൂടെ തീവ്രവാദത്തിലെത്തിയ ഹംസ.. ഐ.എസ്. കേസില്‍ ഏഴ് വര്‍ഷം തടവ്

വളപട്ടണം ഐഎസ് കേസിലെ പ്രതികള്‍
വളപട്ടണം ഐഎസ് കേസിലെ പ്രതികള്‍

തലശ്ശേരി: വളപട്ടണം ഐ.എസ്. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ യു.കെ. ഹംസ ഇബ്രാഹിം (61) എന്ന ‘ബിരിയാണി ഹംസ’യും. തീൻമേശയിൽനിന്ന് തീവ്രവാദത്തിന്റെ വഴിയിലെത്തിയ ആളാണ് ഹംസ. പാചകത്തിലൂടെ നാട്ടുകാരുടെ കൈയിലെടുത്ത ഹംസ വിദേശത്തും പാചകവിദഗ്ധനായിരുന്നു. ബഹ്‌റൈനിൽ പാചകക്കാരനായിട്ടാണ് ഹംസയുടെ പ്രവാസജീവിതം തുടങ്ങിയത്. 1991-ൽ സൗദിയിലെത്തി. അവിടെ സജൻ ഫാസ്റ്റ്ഫുഡ് കടയിൽ സലാഡ് മാസ്റ്ററായി. കടയിൽ ജോലി ചെയ്യവേ ഖത്തർ വ്യവസായമന്ത്രി അബ്ദുൾ അസീസ് അഹമ്മദ് അലി അൽത്താനിയുടെ പാചകസംഘത്തിൽ അംഗമായി. ദീർഘനാൾ അവിടെ ജോലി ചെയ്തു. ചൈനീസ്, അറേബ്യൻ സലാഡുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധനായി. സലാഡ് നിർമാണത്തിൽ പുരസ്കാരങ്ങൾ നേടി.

ഉന്നതവ്യക്തികളുമായി പാചകത്തിലൂടെ ബന്ധം സ്ഥാപിച്ചു. പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ ഹംസ ‘അറേബ്യൻ കിച്ചൺ’ എന്ന പേരിൽ തലശ്ശേരിയിൽ കാറ്ററിങ് സർവീസ് തുടങ്ങി. വീട്ടിൽ തന്നെയായിരുന്നു പാചകം.

സഹായികൾ കുടുംബാംഗങ്ങളും. അറേബ്യൻവിഭവങ്ങളായ കുഴിമന്തി, ഹമൂസ്, മുത്തബൻ എന്നിവ തലശ്ശേരിക്കാരെ പരിചയപ്പെടുത്തിയത് ഹംസയാണ്. തീവ്രവാദക്കേസിൽ അറസ്റ്റിലായതോടെ ഹംസയുടെ തീവ്രവാദബന്ധം പുറംലോകമറിഞ്ഞത്. എന്നും രാവിലെ മാർക്കറ്റിലെത്തിയ ഹംസ തലശ്ശേരിക്കാർക്ക് സുപരിചിതനായിരുന്നു.

വളപട്ടണം ഐ.എസ്. കേസിൽ പ്രതികൾക്ക് കഠിനതടവ്

കൊച്ചി: വളപട്ടണം ഐ.എസ്. കേസിൽ കുറ്റക്കാരായി എൻ.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികൾക്ക് ഏഴുവർഷവും ഒരുപ്രതിക്ക് ആറുവർഷവും കഠിനതടവ് വിധിച്ചു.

ഒന്നാംപ്രതി കണ്ണൂർ ചക്കരക്കല്ല് മുണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവർക്കാണ് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ചുമത്തിയത്. രണ്ടാംപ്രതി വളപട്ടണം ചെക്കിക്കുളം അബ്ദുൽറസാഖിനു (28) ആറുവർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് വിധിച്ചത്. വിചാരണത്തടവുകാരായി അഞ്ചുവർഷം ശിക്ഷയിൽനിന്ന് ഇളവുചെയ്യും. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. ജഡ്ജി അനിൽ കെ. ഭാസ്കറാണ് ശിക്ഷവിധിച്ചത്.

ഭീകരസംഘടനയിൽ അംഗമായി ഇന്ത്യയുടെ സൗഹൃദരാജ്യമായ സിറിയയ്ക്കെതിരേ പോരാടുക, ഭീകരസംഘടനയെ സഹായിക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. മിഥിലജിനും ഹംസയ്ക്കും 21 വർഷം കഠിനതടവാണു വിധിച്ചതെങ്കിലും ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽമതി.

ഇവരെ സഹായിച്ച കുറ്റത്തിനും ഗൂഢാലോചനയ്ക്കും റസാഖിനു 12 വർഷം കഠിനതടവു വിധിച്ചെങ്കിലും ഒരുമിച്ച്‌ ആറുവർഷം ശിക്ഷ അനുഭവിച്ചാൽമതി.

Content Highlights: Valapattanam IS case: NIA court sentences two accused to 7 years in jail, one gets 6 years