കൈക്കൂലി കേസ്; വൈക്കം സി.ഐ. ഷമീർഖാനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

കോട്ടയം: കൈക്കൂലി കേസിൽ വൈക്കം സി.ഐ. ഷമീർഖാനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐ. ഷമീർഖാനെ സസ്പെൻഡ് ചെയ്യാൻ ഡിജിപി ഉത്തരവിട്ടത്. വൈക്കം സി.ഐ. ആയി ചുമതലയേറ്റ് ഒന്നര മാസത്തിനുള്ളിൽ 2,28,000 രൂപ അനധികൃതമായി കൈക്കൂലി വാങ്ങി എന്നതാണ് സി.ഐ. ഷമീർഖാനെതിരെയുള്ള പ്രധാന കണ്ടെത്തൽ.
ഷമീർഖാൻ കുറ്റക്കാരനാണെന്ന് കാണിച്ച് ഇയാളുടെ അനധികൃത ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് ഡിജിപിക്ക് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യമാണ് ഷമീർഖാൻ വൈക്കം സി.ഐ. ആയി ചുമതലയേറ്റത്. അധികം താമസിയാതെ തന്നെ കൈക്കൂലി വാങ്ങിത്തുടങ്ങുകയും ചെയ്തു എന്നാണ് വിജിലൻസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
വളരെ വിചിത്രവും സൂക്ഷ്മവുമായ രീതിയിലാണ് സി.ഐ. കൈക്കൂലി പണം കൈപ്പറ്റിയിരുന്നത്. ചാർജെടുത്ത മാസം അഞ്ചാം തീയതി വൈക്കത്തെ കോഴിഫാമിൽ ജോലി ചെയ്യുന്ന അസം സ്വദേശി ജോഗത് ജൊഗോയിയെക്കൊണ്ട് ആധാറും പാൻകാർഡും ഉപയോഗിച്ച് വൈക്കം കാനറ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചു.
വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് എടിഎം കാർഡ് കൈക്കലാക്കി. ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനായി മറ്റൊരു ഫോണിൽ ഗൂഗിൾപേ സംവിധാനവും സജ്ജമാക്കി. 45 ദിവസം കൊണ്ട് കൈക്കൂലിയിനത്തിൽ 2.28 ലക്ഷം രൂപയാണ് ഈ യുപിഐ ഇടപാടിലൂടെ സി.ഐ. ഷമീർഖാൻ വാങ്ങിയെടുത്തതെന്നാണ് കണ്ടെത്തൽ.
സ്റ്റേഷനിൽ കേസുമായി എത്തുന്നവരിൽനിന്നും മണ്ണുമാഫിയാ സംഘങ്ങളിൽനിന്നും മറ്റ് അനധികൃത ഇടപാടുകാരിൽനിന്നും കൈക്കൂലിയായി ചോദിക്കുന്ന പണമാണ് ഈ അക്കൗണ്ടിലേക്ക് ഇടീച്ചിരുന്നത്. പണം അക്കൗണ്ടിൽ കയറിയാൽ ഉടൻ തന്നെ ബൈക്കിൽ ഹെൽമെറ്റും മാസ്കും ധരിച്ചെത്തി എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതായിരുന്നു ഷമീർഖാന്റെ രീതി.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം വിജിലൻസ് ശേഖരിച്ചിരുന്നു. തുടർന്നാണ്, കഴിഞ്ഞ 16-ാം തീയതി, വെള്ളിയാഴ്ച ഉച്ചയോടെ വിജിലൻസ് സംഘം വൈക്കത്തെ സി.ഐ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ഷമീർഖാന്റെ പക്കൽനിന്നും എടിഎം കാർഡും ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് വിജിലൻസ് സംഘം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.