രണ്ട് പരാതികള്‍, ആകെ തട്ടിയത് 90 ലക്ഷം രൂപ; ദമ്പതിമാരെ കണ്ടെത്താനാകാതെ പോലീസ്

ഒന്നാംപ്രതി കൃഷ്‌ണേന്ദു
ഒന്നാംപ്രതി കൃഷ്‌ണേന്ദു

വൈക്കം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷവും ജുവലറി ഉടമയില്‍നിന്നും 47.79 ലക്ഷവും തട്ടിയ കേസില്‍ പ്രതികളായ ദമ്പതിമാരെയും കൂട്ടാളിയെയും കണ്ടെത്താനാകാതെ പോലീസ്. തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു (27), ഭര്‍ത്താവ് അനന്തു ഉണ്ണി(29), കൂട്ടാളി വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത്(35) എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പുനടത്തിയ കേസിലെ ഒന്നാംപ്രതിയാണ് കൃഷ്ണേന്ദു. ദേവി പ്രജിത്ത് രണ്ടാം പ്രതിയും. കഴിഞ്ഞ 21-നാണ് സ്ഥാപന ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം.രാഗേഷ് ഇവര്‍ക്കെതിരേ പരാതി കൊടുക്കുന്നത്. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ വിവരമറിഞ്ഞ ഇരുവരും ഒളിവില്‍ പോയി.

കേസില്‍ അനന്തു ഉണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ലായിരുന്നു. തുടര്‍ന്ന്, ഇയാളെ പോലീസ് ചോദ്യം ചെയ്തുവിട്ടയച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും 47.79 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി വെട്ടിക്കാട്ടുമുക്കില്‍ ജുവലറി നടത്തുന്ന വടകര ബിസ്മില്ലാ മന്‍സിലില്‍ എം.പി.ഷുക്കൂര്‍ രംഗത്തെത്തി. ഈ കേസില്‍ അനന്തു ഉണ്ണിയെയും കൃഷ്ണേന്ദുവിനെയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ വിവരം അറിഞ്ഞ ഉടന്‍ അനന്തു ഉണ്ണി ഒളിവില്‍പോകുകയായിരുന്നു.

രാഗേഷ് നല്‍കിയ ആദ്യ പരാതിയില്‍ സ്ഥാപനത്തില്‍നിന്ന് 19 പേരുടെ സ്വര്‍ണ ഉരുപ്പടികളില്‍ കൃഷ്ണേന്ദു കൃത്രിമം നടത്തിയെന്നാണ് പറയുന്നത്. ഈ 19 പേരുടെയും മൊഴികളെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികള്‍ മുന്‍ഡിവൈ.എഫ്.ഐ., സി.പി.എം. പ്രവര്‍ത്തകരായതിനാല്‍ പോലീസിന്റെ കാര്യമായ അന്വേഷണം കേസുകളില്‍ നടക്കുന്നില്ലെന്നാണ് ആക്ഷേപം.

Content Highlights: vaikkom thalayolaparambu dyfi woman leader and husband money fraud case