അക്കൗണ്ട് മൈനസെന്ന് കീർത്തന; പക്ഷേ കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഇടപാട്, ചാറ്റുകളും ഫോട്ടോകളും

#സ്വന്തം ലേഖകന്‍
പോലീസ് കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന കീര്‍ത്തന, മറ്റു പ്രതികള്‍ക്കൊപ്പം
പോലീസ് കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന കീര്‍ത്തന, മറ്റു പ്രതികള്‍ക്കൊപ്പം

വടകര: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായ കീർത്തന എൻ.ഡി.പി.എസ്. കേസിലുൾപ്പെട്ട പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാട് നടത്തിയെന്ന് അന്വേഷണസംഘം കോടതിയിൽ.

കീർത്തനയെ കസ്റ്റഡിയിൽ കിട്ടാൻ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്.

കേസിലെ ഒന്നാം പ്രതി സഫ്വാനിൽനിന്ന് കീർത്തന പണം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കാവ്യ, നീഷ്മ, ജിജിൽ എന്നിവർക്കും മറ്റും പണം അയച്ചുകൊടുത്തിട്ടുമുണ്ട്.

കീർത്തനയുടെ ഫോൺ പരിശോധിച്ചപ്പോൾ എൻ.ഡി.പി.എസ്. കേസിൽപെട്ട പ്രതികളുമായി അടുത്തബന്ധം പുലർത്തുന്നതായ ഫോട്ടോകളും ലഹരി ഇടപാടുസംബന്ധിച്ച ചാറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.

പേരാമ്പ്ര ബി.ആർ.സി.യിൽ താത്കാലിക അധ്യാപികയായ കീർത്തന, ലഹരിവിൽപ്പനയ്ക്കായി കുട്ടികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും കുറ്റകൃത്യത്തിനായി കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കാൻ പ്രതിയെ കസ്റ്റഡിയിൽകിട്ടേണ്ടത് അത്യാന്താപേക്ഷിതമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കീർത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കീർത്തനയെ രണ്ടുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ട് വടകര എൻ.ഡി.പി.എസ്. കോടതി. മൂന്നുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ടുദിവസമാണ് ജഡ്ജി അന്യാസ് തയ്യിൽ അനുവദിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കകം തിരികെ ഹാജരാക്കണം.

കാവ്യ, നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയിലും വാദം കേട്ടെങ്കിലും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പോലീസിന്റെ കൈവശം തെളിവൊന്നുമില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എന്നാൽ, തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും അതിന് കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് വാദിച്ചു.

'ഞാനൊരു അമ്മയാണ്... എനിക്ക് പങ്കില്ല...'

പോലീസ് കോടതിയിൽനിന്ന് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങൾക്കുമുൻപാകെ പൊട്ടിത്തെറിച്ച് കീർത്തന.

''എന്റെ രണ്ട് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നിങ്ങൾ പരിശോധിച്ചോ, രണ്ടിലും ലോൺ അടവ് മൈനസാണ്... അന്വേഷണോദ്യോഗസ്ഥർ പറയുന്നതെല്ലാം സത്യമല്ല... മാധ്യമങ്ങളും സത്യം അറിയണം... എനിക്കിതിൽ പങ്കില്ല... എംഡിഎംഎ കൊടുത്തിട്ടില്ല... ഞാനൊരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയാണ്...'' -രോഷാകുലയായി കീർത്തന പറഞ്ഞു.

Content Highlights: Teacher Keerthana remanded in Vadakara MDMA drug case., Police allege financial transactions via Google Pay with other NDPS suspects., Evidence of drug-related chats and photos found on the accused's phone., Vadakara NDPS court granted two-day police custody for further interrogation., Accused denies involvement, claiming innocence as a mother and teacher.