കാറിടിച്ച് നിര്‍ത്താതെ പോയി, യുവാവ് മരിച്ചു; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി പിടിയിലായി

കോഴിക്കോട്: വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് വടകര പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്. ഇയാളെ രാത്രിയോടെയാണ് വടകരയിലെത്തിച്ചത്. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. അപകടത്തിനിടയാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു.
വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണ(27) നെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അമൽ മരിച്ചത്. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.
500-ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഏറാമലയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.