ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ സർക്കാർ, ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേസിൽ ക്രമവിരുദ്ധമായ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
അഴിമതി നിരോധന നിയമ പ്രകാരം മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെയും ഏതാനും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന ശുപാർശ അടങ്ങിയ റിപ്പോർട്ടാണ് എസ്.ഐ.ടി. സർക്കാരിന് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ടും വിശദമായ കത്തും ഗവർണർക്ക് ഉടൻ കൈമാറും.
ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വി. അബ്ദുറഹിമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കും. നിലവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും കമ്പനി ഉടമ ആന്റോ അഗസ്റ്റിനുമാണ് കേസിന്റെ എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിലുള്ളത്. മുൻ മന്ത്രി കൂടി പ്രതിപ്പട്ടികയിലേക്ക് വരുന്നതോടെ കേസിന്റെ ഗൗരവം വർധിക്കും.
തട്ടിപ്പിൽ അന്നത്തെ മന്ത്രിതല ഇടപെടലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടി.യുടെ നീക്കം.
Content Highlights: The Kerala government seeks the Governor's permission to file a case against former Sports Minister V. Abdurahiman in a football sponsorship scam, following findings of irregular involvement by him and his office. The Special Investigation Team (SIT) recommended charges under the Prevention of Corruption Act against the former minister and some officials, submitting a detailed report to the government.