‘ഇന്ത്യക്കാരെ കൊന്നൊടുക്കണം, ഞായറാഴ്ച പ്രത്യേകദിവസം’; 19-കാരൻ ക്ഷേത്രത്തിൽ ലക്ഷ്യമിട്ടത് കൂട്ടക്കൊല

വാഷിങ്ടൺ: ‘ഇന്ത്യക്കാരെ കൊന്നൊടുക്കാൻ എനിക്ക് കാത്തിരിക്കാൻ വയ്യ’, ഇല്ലിനോയ്സിലുള്ള ഒറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ വൻ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 19 വയസ്സുകാരൻ അലക്സാണ്ട്രോസ് പാപ്പോരാക്കിസ് പോലീസിനോട് വെളിപ്പെടുത്തിയതാണിത്. ഇയാൾ തയ്യാറാക്കിയ എട്ട് പേജുള്ള മാനിഫെസ്റ്റോയിലാണ് ഇന്ത്യക്കാർക്കെതിരായ വധഭീഷണിയും വിദ്വേഷവും രേഖപ്പെടുത്തിയത്.
അക്രമത്തിനായി പൂർണ സജ്ജനായി ക്ഷേത്രത്തിലെത്തിയ പ്രതി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടർന്ന് അക്രമം നടത്താനാവാതെ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പാപ്പോരാക്കിസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
പലാറ്റൈനിലെ ഒരു സ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു പാപ്പോരാക്കിസ്. വെളുത്ത വംശജരാണ് സമൂഹത്തിലെ മുൻനിരയിൽ നിൽക്കേണ്ടവരെന്ന ആശയങ്ങളിലാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഒക്ടോബർ 11 ഞായറാഴ്ച ‘പ്രത്യേകതയുള്ള ഒരു ദിവസമായിരിക്കും’ എന്ന് ഇയാൾ സഹപ്രവർത്തകരോട് മുൻകൂട്ടി പറഞ്ഞിരുന്നു.
പലാറ്റൈനിൽനിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള ഓറോറയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിലാണ് ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടത്. മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രമാണ് ഇയാൾ ലക്ഷ്യമിട്ടത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ആയുധങ്ങളുമായും പ്രത്യേക സൈനിക വസ്ത്രങ്ങൾ ധരിച്ചും ഇയാൾ ക്ഷേത്രത്തിലെത്തി. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി തോക്കിന്റെ പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു. തോക്ക് പ്രവർത്തിക്കാതായതോടെ ആരും കാണാതെ വളരെ വേഗത്തിൽ അവിടെനിന്ന് ഇയാൾ മടങ്ങി.
പിന്നാലെ വീട്ടിലെത്തിയശേഷം തോക്കിന്റെ തകരാർ പരിഹരിക്കാൻ ഇയാൾ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി. തോക്ക് പ്രവർത്തിക്കാത്തതിന്റെ വീഡിയോയും ചിത്രവും സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും ചെയ്തു. ഇത് കണ്ട സഹപ്രവർത്തകൻ ഉടനടി പോലീസിനെ വിവരമറിയിച്ചതോടെയാണ് ആക്രമണം തടയാനായത്.
വിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിങ്കളാഴ്ച വീടിന് സമീപത്തുനിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരമാണ് കണ്ടെത്തിയത്. ഒപ്പം ‘Why I Fought: A.K.A.: (Aurora shooter's manifesto)’ എന്ന പേരിൽ എട്ടു പേജുള്ള മാനിഫെസ്റ്റോയും കണ്ടെത്തി. ഇതിൽ ഇന്ത്യക്കാർ, ജൂതന്മാർ, ആഫ്രിക്കൻ അമേരിക്കക്കാർ എന്നിവരെ ‘മനുഷ്യരല്ലാത്തവർ’ എന്ന് വിശേഷിപ്പിക്കുകയും പരമാവധി ആളുകളെ കൊന്നൊടുക്കാനുള്ള പദ്ധതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പാപ്പോരാക്കിസിനെതിരെ ‘ഭീകരാക്രമണ ഭീഷണി മുഴക്കൽ’, അനധികൃതമായി ആയുധം കൈവശംവെക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ തടങ്കലിൽ വയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു. ഒക്ടോബർ 30-നാണ് കേസിൽ അടുത്ത വാദം കേൾക്കൽ. കേസിൽ എഫ്.ബി.ഐ അന്വേഷണ സഹായം നൽകുന്നുണ്ട്.
Content Highlights: A 19-year-old US teen was arrested after his gun malfunctioned while attempting to carry out a mass shooting targeting Indians at a Hindu temple in Aurora, Illinois.