അമ്മയേയും അനുജനെയും കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ 17-കാരൻ; കൊലപാതകത്തേക്കുറിച്ച് ChatGPT-യിൽ തിരഞ്ഞു

ബോസ്റ്റൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ മാതാവിനെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ 17-കാരൻ പിടിയിൽ. ആക്ടൻ സ്വദേശിയായ ഹൈസ്‌കൂൾ വിദ്യാർഥി അർജുൻ അരവിന്ദാണ് അറസ്റ്റിലായത്. മാതാവായ സുധാ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെത്തുടർന്ന് രക്ഷപ്പെട്ട അർജുൻ അരവിന്ദ് ബുധനാഴ്ച പുലർച്ചെ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരം 6.30-ഓടെ വീട്ടിലെത്തിയ ട്യൂഷൻ അധ്യാപകന് വീടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലെ ആരെയും ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് അധ്യാപകൻ അർജുന്റെ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ഒന്നാംനിലയിൽ സിദ്ധാർത്ഥിന്റെയും ബേസ്‌മെന്റിൽ അമ്മ സുധയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ മാരകമായി പരിക്കേറ്റ പാടുകളുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം അമ്മയുടെ കാറുമായി അർജുൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ തിരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച പുലർച്ചെ വെയ്‌ലാൻഡിലെ ഒരു പാർക്കിങ് ഏരിയയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് കാറിനുള്ളിൽ അർജുനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് മുൻപ് അർജുൻ ഇന്റർനെറ്റിലും ചാറ്റ് ജി.പി.ടിയിലും തിരച്ചിലുകൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർനെറ്റിൽ തിരയുകയും ചാറ്റ്ജിപടിയിൽ ഉപയോഗിച്ച്അന്വേഷിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.
കൊലപാതകം കൂടാതെ മർദനം, വാഹനം മോഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളും അർജുനെതിരെ ചുമത്തിയിട്ടുണ്ട്. അർജുനെ ബുധനാഴ്ച ലോവൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.