രാജ്യാന്തര നിക്ഷേപത്തട്ടിപ്പ്: യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ മലയാളികളുടെ ഉൾപ്പെടെ 700 കോടി തട്ടി

ചെങ്ങമനാട്(എറണാകുളം): അമേരിക്കൻ - ഇന്ത്യൻ സർക്കാരുകളുടെ ഔദ്യോഗിക മുദ്രകൾ ദുരുപയോഗിച്ച് വ്യാജ യു.എസ്. പ്രതിരോധ കരാറുണ്ടാക്കി കോടികളുടെ നിക്ഷേപത്തട്ടിപ്പ്. പ്രവാസിയായ ചെങ്ങമനാട് സ്വദേശി പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
രാജ്യാന്തര നിക്ഷേപത്തട്ടിപ്പിൽ നൂറോളം മലയാളികൾ ഉൾപ്പെടെ 500 ഓളം പേരുടെ 700 കോടി രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് സൂചന. വിദേശത്തുള്ള ഇന്ത്യക്കാരുടെ പണവും നഷ്ടപ്പെട്ടതായി സൂചനയുണ്ട്.
ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കൊല്ലം സ്വദേശിയാണിതിന്റെ സൂത്രധാരൻ.
2020-ലാണ് ചെങ്ങമനാട് സ്വദേശി 1.45 കോടി രൂപ ഈ സ്ഥാപനത്തിന് കൈമാറിയത്. കരാർ വ്യവസ്ഥകൾ പാലിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ട് െചങ്ങമനാട് സ്വദേശി 2025 മാർച്ച് 24 -ന് ചെങ്ങമനാട് പോലീസിന് പരാതി നൽകി. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കൊല്ലം സ്വദേശി ഒരുകോടി രൂപ തിരിച്ചുനൽകി. ബാക്കി തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകി.
പരാതിയെത്തുടർന്ന് കേന്ദ്ര ഏജൻസികളും കേരള പോലീസിന്റെ രഹസ്യാന്വേഷണ സംഘവും രാജ്യാന്തര നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായ മറ്റൊരു കൊല്ലം സ്വദേശി അവിടെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
'ഇന്തോ-യു.എസ്. പസിഫിക് പീസ് ട്രീറ്റി' എന്ന യു.എസ്. പ്രതിരോധവകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ച കമ്പനി എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
അമേരിക്കൻ പ്രതിരോധവകുപ്പിനു വേണ്ടി ആയുധങ്ങളും നാസയ്ക്ക് വേണ്ടി രഹസ്യസ്വഭാവമുള്ള കെട്ടിടങ്ങളും നിർമിക്കാൻ 3,000 കോടിയുടെ ഉപകരാർ കമ്പനിക്ക് ലഭിച്ചുവെന്നും 25 ലക്ഷത്തിന്റെ ഓഹരിയെടുത്താൽ പദ്ധതിയുടെ ഭാഗമാകാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പദ്ധതി തുടങ്ങുന്ന ദിവസം മുതൽ ലാഭവിഹിതം നൽകുമെന്നും, ഒരു കോടി നിക്ഷേപിക്കുന്നവർക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത യു.എസ്. വിസ, ഗ്രീൻ കാർഡ്, ജോലി തുടങ്ങിയവ നൽകുമെന്നും വാഗ്ദാനം നൽകി.
2050 വരെയുള്ള കരാറിന്റെ രേഖകളും കമ്പനി ഓഫീസിൽ യു.എസ്. - ഇന്ത്യൻ സേനാ മെഡലുകൾ ധരിച്ചെത്തിയവരുടെ ചിത്രങ്ങളും പരസ്യങ്ങളും കരാർ സംബന്ധിച്ചുള്ള വ്യാജവാർത്തകളുമെല്ലാം കാണിച്ചാണ് നിക്ഷേപകരെ വലയിലാക്കിയത്. ഉന്നതരടക്കം നിരവധി പേർ വൻതുക നിക്ഷേപിച്ചതായാണ് സൂചന.
കരാറിൽ പറഞ്ഞതുപോലുള്ള ലാഭവിഹിതമോ, മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ല. തുടർന്ന് നിക്ഷേപകർ അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.
Content Highlights: Fraudulent company VPVV Techno Construction duped investors with fake US defense contracts., Estimated 700 crore lost by over 500 victims including 100 Malayalis., Perpetrators used fake US-India official seals and false promises of green cards., Police and central agencies have launched a high-level investigation., Investors were lured with promises of lifelong US visas and high returns.