ഭാര്യയുമായിവന്ന സൈനികൻ അതുകണ്ടു; ചികിത്സയ്ക്കിടെ നഗ്നദൃശ്യം പകര്‍ത്തി US ആര്‍മി ഡോക്ടര്‍, ആയിരക്കണക്കിന് വീഡിയോകൾ

#ന്യൂസ് ഡെസ്‌ക്
Photo Courtesy: x.com/6NewsCTX
Photo Courtesy: x.com/6NewsCTX

വാഷിങ്ടണ്‍: വൈദ്യപരിശോധനയ്ക്കിടെ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ സൈനിക ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റിലായി. ടെക്‌സാസിലെ സൈനിക ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ മേജര്‍ ബ്ലെയ്ന്‍ മക്‌ഗ്രോയെയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പിടിയിലായത്. ഇയാള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റംചുമത്തിയതായും അധികൃതര്‍ അറിയിച്ചു.

ടെക്‌സാസ് ഫോര്‍ട്ട് ഹുഡിലെ സൈനിക ആശുപത്രിയിലാണ് മക്‌ഗ്രോ ജോലിചെയ്തിരുന്നത്. ഇവിടെ പരിശോധനയ്‌ക്കെത്തിയ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയെന്നാണ് പരാതി. ഇയാളുടെ ഫോണില്‍നിന്ന് ആയിരക്കണക്കിന് ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തു.

ടെക്‌സാസിലെ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ 44 സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലും കൂടുതല്‍ സ്ത്രീകള്‍ പ്രതിയുടെ ഇരയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, പ്രതി നേരത്തേ ജോലിചെയ്തിരുന്ന മറ്റൊരു സൈനിക ആശുപത്രിയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്.

യൂണിഫോമിട്ട വേട്ടക്കാരന്‍ എന്നാണ് മേജര്‍ മക്‌ഗ്രോയെ യുഎസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അടുത്തിടെ ഭാര്യയുമായി ചികിത്സയ്‌ക്കെത്തിയ ഒരു സൈനികന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഭാര്യയെയും കൂട്ടി ആശുപത്രിയിലെത്തിയ സൈനികന്‍, പരിശോധനയ്ക്കിടെ ഡോക്ടറുടെ പോക്കറ്റിലെ ഫോണ്‍ ശ്രദ്ധിക്കുകയായിരുന്നു. ക്യാമറ ലെന്‍സ് പുറത്തേക്കായി പോക്കറ്റില്‍നിന്ന് ഭാഗികമായി ഉയര്‍ന്നുനില്‍ക്കുന്ന നിലയിലാണ് മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നത്. പരിശോധന ആരംഭിച്ചശേഷമാണ് ഡോക്ടര്‍ ഇത്തരത്തില്‍ ഫോണ്‍ പോക്കറ്റില്‍വെച്ചത്. മാത്രമല്ല, ഇതിനിടെ ഫോണിന്റെ സ്‌ക്രീന്‍ ഏതാനും നിമിഷങ്ങള്‍ കാണാന്‍പറ്റിയെന്നും സൈനികന്‍ പറഞ്ഞു. ഇതോടെ സൈനികന്‍ ബഹളംവെയ്ക്കുകയും ഡോക്ടര്‍ ഭാര്യയുടെ നഗ്നദൃശ്യം പകര്‍ത്തിയെന്ന് പരാതിപ്പെടുകയുമായിരുന്നു. സംഭവമുണ്ടായ ദിവസംതന്നെ ഡോക്ടറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മക്‌ഗ്രോ പരിശോധിച്ച 1400-ഓളം രോഗികളില്‍നിന്ന് സൈന്യം വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു.

Content Highlights: A doctor at a Texas military hospital has been arrested for secretly recording numerous female patients during medical exams. Thousands of images and videos were found on his phone.