യു.പിയിൽ മർദനമേറ്റ വിദ്യാർഥിയെ തിരിച്ചറിയുന്ന പോസ്റ്റുകൾ, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരേ കേസ്

മുഹമ്മദ് സുബൈര്‍| Photo: https://twitter.com/zoo_bear
മുഹമ്മദ് സുബൈര്‍| Photo: https://twitter.com/zoo_bear

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മര്‍ദിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരിച്ചറിയുന്ന രീതിയിലുള്ള സാമൂഹികമാധ്യമ പോസ്റ്റുകള്‍ പങ്കുവെച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരേ പോലീസ് കേസെടുത്തു. രാജ്യമാകെ ചര്‍ച്ചയായ സംഭവത്തില്‍ കുട്ടിയെ തിരിച്ചറിയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരേ യു.പി. പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

വിഷ്ണുദത്ത് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമത്തിലെ 74-ാം വകുപ്പ് പ്രകാരമാണ് സുബൈറിനെതിരേ മുസഫര്‍ നഗര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസ് സംബന്ധിച്ച് തനിക്ക് പോലീസില്‍നിന്ന് നോട്ടീസോ മറ്റുവിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് സുബൈര്‍ 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട്  പ്രതികരിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് തനിക്കെതിരേ കേസെടുത്ത കാര്യം അറിഞ്ഞതെന്നും എഫ്.ഐ.ആര്‍. പരിശോധിച്ചപ്പോള്‍ അതില്‍ മറ്റാരുടെയും പേരുകളില്ലെന്നും അദ്ദേഹം പറഞ്ഞു. 

''എന്തുകൊണ്ടാണ് എന്റെ പേര് മാത്രം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? അതിന് മുന്‍പും ശേഷവും നിരവധി മാധ്യമസ്ഥാപനങ്ങള്‍ ആ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തിരിച്ചറിയുമെന്നതിനാല്‍ ആ വീഡിയോ പിന്നീട് ഞാന്‍ നീക്കംചെയ്തതാണ്. ഇതേകാര്യങ്ങളാണ് മുന്‍പ് 2020-ലും എനിക്കെതിരേ സംഭവിച്ചത്. പോലീസിന് ആരെയും ടാര്‍ഗറ്റ് ചെയ്യാമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്'', സുബൈര്‍ പ്രതികരിച്ചു. 

ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരിച്ചറിയുന്ന രീതിയിലുള്ള വീഡിയോകളും മറ്റും പങ്കുവെയ്ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഒരു കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്നായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കന്നോങ്കോയുടെ അഭ്യര്‍ഥന. ഇതിനുപിന്നാലെയാണ് യു.പിയില്‍ മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരിക്കുന്നത്. 

Content Highlights: up school student slapped by classmates police case against alt news co founder mohammed zubair