രോഗിയെ 35 സെക്കൻഡിനുള്ളിൽ ചവിട്ടിയത് 10 തവണ; യുപിയിലെ ആശുപത്രി ജീവനക്കാരിക്ക് സസ്‌പെൻഷൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ജില്ലാ ആശുപത്രിയിൽ രോഗിയെ ക്രൂരമായി മർദ്ദിച്ച ശുചീകരണ ജീവനക്കാരിയെ ജോലിയിൽ നിന്നും പുറത്താക്കി. രോഗിയെ ക്രൂരമായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നിർദ്ദേശപ്രകാരം ഈ ജീവനക്കാരിക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുള്ളതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ പ്രവൃത്തിയെ അങ്ങേയറ്റം മനുഷ്യത്വരഹിതം എന്ന് വിശേഷിപ്പിച്ച അധികൃതർ ജീവനക്കാരിക്കെതിരെ മറ്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്‌പേന്ദ്ര കുമാർ നൽകിയ വിവരമനുസരിച്ച്, ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പിങ്കി ആണ് കുറ്റാരോപിതയായ ജീവനക്കാരി. 35 സെക്കൻഡിനുള്ളിൽ രോഗിയെ ഏകദേശം 10 തവണയെങ്കിലും ജീവനക്കാരി ചവിട്ടുന്നതായും അസഭ്യം പറയുന്നതായുമാണ് വൈറലായ ദൃശ്യങ്ങളിൽ കാണാനാവുക.
പിങ്കിയുടെ പെരുമാറ്റം 1956-ലെ എംപ്ലോയീ കണ്ടക്ട് റൂൾസിന്റെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തർപ്രദേശ് ഗവൺമെന്റ് സെർവന്റ്‌സ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ്, 1999 പ്രകാരവും ഇവർക്കെതിരെ അച്ചടക്ക നടപടികൾ തുടങ്ങിയിട്ടുണ്ട്. സസ്‌പെൻഷൻ കാലയളവിൽ പിങ്കിയെ ജില്ലാ ആശുപത്രിയിലെ ആയുഷ് ഔട്ട്‌പേഷ്യന്റ് (AYUSH outpatient) വിഭാഗത്തിലാണ് നിയമിച്ചിരിക്കുന്നത്.
വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വകുപ്പുതല അന്വേഷണം നടത്തുന്നതിനായി മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ദിനേഷ് പ്രതാപ് സരോജ്, മൈക്രോബയോളജിസ്റ്റ് ഡോ. റിച്ച, സിസ്റ്റർ മേട്രൺ സുഷമ യാദവ് എന്നിവരാണ് ഈ പാനലിലുള്ളത്.
രോഗികളോടുള്ള മോശം പെരുമാറ്റമോ മനുഷ്യത്വരഹിതമായ നടപടികളോ ഒരു സാഹചര്യത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (മെഡിക്കൽ ആൻഡ് ഹെൽത്ത്) അമിത് കുമാർ ഘോഷ് അറിയിച്ചു. സേവന ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ ചീഫ് മെഡിക്കൽ ഓഫീസർമാർക്കും അദ്ദേഹം നിർദ്ദേശം നൽകി.
Content Highlights: A female sweeper at Raebareli district hospital was suspended for physical abuse. Viral video evidence showed the employee kicking a patient 10 times in 35 seconds. Disciplinary proceedings initiated under UP Government Servants Rules, 1999. A three-member inquiry committee has been formed for a time-bound investigation. Government officials warn against inhumane treatment of patients in state hospitals.