കാറിലെത്തിയ യുവതികള്‍ വീട്ടില്‍നിന്ന് ചെടിച്ചട്ടികള്‍ മോഷ്ടിച്ച് കടത്തി; സിസിടിവി ദൃശ്യങ്ങള്‍

ചണ്ഡീഗഢ്: കാറിലെത്തിയ യുവതികള്‍ വീടിന് പുറത്തുണ്ടായിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. മൊഹാലി സെക്ടര്‍ 78-ലെ ഒരുവീടിന് പുറത്ത് ഗേറ്റിനോട് ചേര്‍ന്നുണ്ടായിരുന്ന ചെടിച്ചട്ടികളാണ് യുവതികള്‍ കടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കാറിലെത്തിയ രണ്ട് യുവതികള്‍ വീട്ടിലെ ചെടിച്ചട്ടികള്‍ മോഷ്ടിച്ചത്. കാര്‍ നിര്‍ത്തിയതിന് പിന്നാലെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ രണ്ടുപേരും വീടും പരിസരവും നിരീക്ഷിച്ചശേഷം ഗേറ്റിന് സമീപത്തുണ്ടായിരുന്ന ചെടിച്ചട്ടികള്‍ മോഷ്ടിക്കുകയായിരുന്നു. ചെടിച്ചട്ടി മോഷണത്തിന്റെ രണ്ടുവീഡിയോകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നേരത്തെയും വിവിധയിടങ്ങളില്‍നിന്നുള്ള ചെടിച്ചട്ടി മോഷണങ്ങള്‍ വാര്‍ത്തയായിരുന്നു. ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേയിലെ ആംബിയന്‍സ് മാളിന് മുന്നില്‍നിന്ന് ചെടിച്ചട്ടികള്‍ മോഷ്ടിച്ച് കടത്തിയത് 50-കാരനെയാണ് അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തത്. ജി-20 ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും വ്യാപകമായി മോഷണംപോയിരുന്നു.
Content Highlights: two women arrive in car and steal flowerpots in mohali cctv video