കാറിലെ പ്രത്യേക അറയില്‍ MDMA; രണ്ട് എല്‍.എല്‍.ബി. വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ പിടിയില്‍

അൻസീർ, അജ്മൽ, മുഹമ്മദ് നിഷാൻ
അൻസീർ, അജ്മൽ, മുഹമ്മദ് നിഷാൻ

പൂവാര്‍(തിരുവനന്തപുരം): ആഡംബരക്കാറില്‍ മയക്കുമരുന്നുമായി എത്തിയ രണ്ട് എല്‍എല്‍.ബി. വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.

എം.ഡി.എം.എ.യുമായി എത്തിയ കഠിനംകുളം എ.കെ.ഹൗസില്‍ അന്‍സീര്‍ (25), അണ്ടൂര്‍ക്കോണം എസ്.ആര്‍.നിവാസില്‍ അജ്മല്‍ (28), കഠിനംകുളം ഷീയാസ് മന്‍സിലില്‍ മുഹമ്മദ് നിഷാന്‍ (27) എന്നിവരെയാണ് പൂവാര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഘത്തിലെ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എല്‍എല്‍.ബി. വിദ്യാര്‍ഥികളാണ്. ബെംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലൂടെ മയക്കുമരുന്നുമായി ഒരുസംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൂവാര്‍ സി.ഐ. എല്‍.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനില്‍വെച്ചാണ് മയക്കുമരുന്നുമായി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് പിടികൂടിയത്.

കാറിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കാറില്‍നിന്ന് 15.62 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് തൂക്കിവില്‍ക്കുന്ന ഇലക്ടോണിക്സ് ത്രാസും വാഹനത്തിലുണ്ടായിരുന്നു. ബെംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലൂടെ വരുന്നതിനിടെ സംഘം പലര്‍ക്കും മയക്കുമരുന്നു കൈമാറിയിരുന്നതായും പോലീസ് കണ്ടെത്തി.അന്‍സീല്‍ മയക്കുമരുന്നുകടത്ത് ഉള്‍പ്പെടെയുള്ള നിരവധി കേസിലെ പ്രതിയാണ്.

Content Highlights: two llb students and another one arrested with mdma in poovar