കാനഡയിൽ വാൾമാർട്ടിന് പുറത്ത് രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു; ലക്ഷ്യമിട്ടുള്ള ആക്രമണം സംശയിച്ച് പോലീസ്

സറെയ്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ഒരു വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സംഭവമാണിതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗഗൻപ്രീത് റെഹാൽ (ഗാരി - 23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
നവംബർ 15-ന് രാത്രിയിലാണ് സ്റ്റോറിന് പുറത്ത് വെടിവെപ്പ് ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു എന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ (IHIT) ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട രണ്ടുപേരും സമീപത്തുള്ള ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇവർ ദമ്പതികളാണെന്നും റിപ്പോർട്ടുകളുണ്ട്. റെഹാലിനെതിരെ മുൻപ് ആയുധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളുള്ളതായി പോലീസ് പറഞ്ഞു. എന്നാൽ കൗറിന് കാനഡയിൽ മറ്റു വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ ആക്രമണം വ്യക്തമായ ലക്ഷ്യത്തോടെ നടത്തിയതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Two Indian-origin individuals were killed in a shooting outside a Walmart store in Surrey, British Columbia, suspected to be linked to organized crime. The victims, Gagandeep Rehal (Gary - 23) and Sukhjeet Kaur (24), were residents of nearby Delta Township; Rehal had prior weapon-related charges. Police believe the attack was targeted and have initiated a detailed investigation into the incident's connection to organized crime.