കുളുവിൽ യുവതിയും യുവാവും മരിച്ചനിലയിൽ; റഷ്യൻ ദമ്പതിമാരെന്ന് സംശയം, സ്ഥലത്ത് ചരസ്സും ബ്ലേഡും

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കുളുവിലെ മണികരണിന് സമീപം ഒരു ചെറിയകുളത്തിലാണ് വിദേശികളായ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് റഷ്യന്‍ ദമ്പതിമാരാണെന്നാണ് പോലീസിന്റെ സംശയം.
വ്യാഴാഴ്ചയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം നഗ്നമായനിലയില്‍ കുളത്തിലും യുവാവിന്റെ മൃതദേഹം കുളത്തിന് പുറത്തുമാണ് കിടന്നിരുന്നത്. ഇരുവരുടെയും ശരീരത്തില്‍ ചില മുറിവുകളും ഉണ്ടായിരുന്നു. എന്നാല്‍, ഇത് മാരകമായ പരിക്കുകളല്ലെന്നും അതിനാല്‍ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇരുപതിനും മുപ്പതിനും ഇടയിലാണ് മരിച്ച രണ്ടുപേരുടെയും ഏകദേശപ്രായം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ലഭിച്ച ചില വസ്തുക്കള്‍ പരിശോധിച്ചതില്‍നിന്നാണ് മരിച്ച രണ്ടുപേരും ദമ്പതിമാരാണെന്നും റഷ്യക്കാരാണെന്നും സംശയമുണ്ടായത്. ഇതിന് പുറമേ ഒരു ബ്ലേഡും മൊബൈല്‍ ഫോണും മയക്കുമരുന്നായ ചരസ്സും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രാഥമിക പരിശോധനയില്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കൊലപാതകമാണോ എന്ന സംശയത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം അഴുകിയനിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ഇവരെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ക്കായി മേഖലയിലെ ഹോട്ടലുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: two bodies found in kullu himachal pradesh police suspects victims from russia