അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളില്‍ വീണ്ടും കുഴിയെടുത്ത് മൃതദേഹംതള്ളി; മൂന്നാം ക്വട്ടേഷനില്‍ കൊലപാതകം

തൊടുപുഴ: പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്, ബിസിനസ് പങ്കാളിയെ ക്വട്ടേഷന്‍നല്‍കി കൊലപ്പെടുത്തി കേറ്ററിങ് സ്ഥാപനത്തിന്റെ മാലിന്യക്കുഴിയുടെ മാന്‍ഹോളില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ബിജു ജോസഫിനെതിരേ ദേവമാതാ കാറ്ററിങ് ഉടമ ജോമോന്‍ നല്‍കിയ ആദ്യരണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മൂന്നാമത്തെ ക്വട്ടേഷന്‍ നല്‍കിയത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപ്രസിദ്ധ ഗുണ്ട ആയ സജിക്കടക്കം രണ്ട് പേര്‍ക്ക് നേരത്തേ ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാന്‍ സാധിച്ചില്ല. ഒടുവില്‍ മൂന്നാമത്തെ ക്വട്ടേഷനാണ് എറണാകുളത്തുനിന്നുള്ള ഗുണ്ടാസംഘത്തിന് നല്‍കിയത്.
കലയന്താനിയിലാണ് ജോമോന്‍, ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തിയിരുന്നത്. ജെസിബി, ടിപ്പര്‍, വര്‍ക്ക്‌ഷോപ്പ് എന്നിവയും ഉണ്ടായിരുന്നു. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ക്ഷോപ്പില്‍ ചെന്നപ്പോഴാണ് ബിജുവുമായി സൗഹൃദം ശക്തമായത്.
ഇതോടെ ഇരുവരും ഒന്നിച്ച് ആംബുലന്‍സ് സര്‍വീസും കാറ്ററിങ് വര്‍ക്കുകളും നടത്താന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയ കച്ചവടത്തില്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.
ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍, ജോമോന് അര്‍ഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നല്‍കിയില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഒന്നിലധികം പോലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും വ്യവസ്ഥകള്‍ പാലിക്കാന്‍ ബിജു തയ്യാറായില്ലെന്നാണ് ജോമോന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
ഇതിനിടെ ജോമോന്റെ കാറ്ററിങ് ബിസിനസ് നഷ്ടത്തിലായി. ഭാര്യയ്ക്ക് രോഗവും പിടിപെട്ടു. തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊടുത്ത് പണം വാങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളംവെച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകള്‍ ചവിട്ടിപ്പിടിച്ചതോടെ കൊല്ലപ്പെടുകയായിരുന്നു.
ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത് കെട്ടിടത്തിന്റെകൂടി ഒരുഭാഗം പൊളിച്ച്
തൊടുപുഴ: എല്ലാ ദിവസവും പതിവു പോലെ രാവിലെ സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന ബിജു ജോസഫിന്റെ കാര്യങ്ങള്‍ ബിസിനസ് പങ്കാളിയായ ജോമോന് വ്യക്തമായി അറിയാമായിരുന്നു. രാവിലെ റോഡില്‍ ആള്‍ത്തിരക്കില്ലാത്ത സമയമായതിനാല്‍ സ്‌കൂട്ടറിലെത്തിയ ബിജുവിനെ കാ റിലെത്തിയ സംഘം തടഞ്ഞ് വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഈ സമയം ബിജുവിന്റെ ചെരിപ്പ് റോഡില്‍ വീണു. ഉച്ചത്തില്‍ കരഞ്ഞ ബിജുവിനെ തലക്കടി കൊടുത്തശേഷം സീറ്റിനടിയിലേക്ക് കിടത്തി കാലുക്കൊണ്ട് കഴുത്തില്‍ ക്വട്ടേഷന്‍ സംഘം ചിവിട്ടിപ്പിടിച്ചു. വെട്ടിമറ്റത്തെ കേറ്ററിങ്ങിന്റെ ഗോഡൗണിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇവിടെയെത്തുന്നതിന് മുമ്പ് ബിജുവിന് ജീവനില്ലെന്നറിഞ്ഞതോടെ കലയന്താനി ചിലവിലെ ഗോഡൗണിലേ മുന്‍ക്ക് മാറ്റുകയായിരുന്നു. മൃതദേഹം മറവുചെയ്യാന്‍ നാളുകളായി ഉപയാഗിക്കാതെ കിടന്ന മാന്‍ഹോളില്‍ ഒളിപ്പിക്കാമെന്ന് ഇവര്‍ കുട്ടമായി തീരുമാനിച്ചു.
അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ ഹോളിലിറങ്ങി മുന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ മൃതദേഹം തള്ളിക്കയറ്റി. തുടര്‍ന്ന് മൃതദേഹത്തിന് മുകളില്‍ മണ്ണ് ഇട്ടതിനുശേഷം കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടുകയായിരുന്നു. രണ്ടുദിവസത്തെ പഴ ക്കംകാരണം ചീര്‍ത്ത മൃതശരീരം പുറത്തെടുക്കാന്‍ തൊഴിലാളികള്‍ക്കായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാവിഭാഗം സ്ഥലത്തെത്തി, മാന്‍ ഹോളിലിറങ്ങി കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മാന്‍ഹോള്‍ പുറത്തേക്ക് പോകുന്ന വശത്തെ കെട്ടിടത്തിന്റെ ഒരുഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. ശേഷം നാല് തൊഴിലാളികള്‍ മാന്‍ഹോളിലൂടെ ഉള്ളില്‍ കടന്ന് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.
തൊടുപുഴ കുമ്പംകല്ല് സ്വദേശി ഷാജി തേക്കുംകാട്ടിലിന്റെ നേതൃത്വത്തില്‍ ഹനീഫ, മാഹിന്‍, സതീശ എന്നിവരാണ് ഈ സാഹ സികമായ ജോലിചെയ്തത്. മൃതദേഹം കേറ്ററിങ് സ്ഥാപനത്തിനുള്ളിലേക്ക് മാറ്റി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍
തൊടുപുഴ: തൊടുപുഴ കലയന്താനിക്കുസമീപം ചെത്തിമറ്റത്താണ് സംഭവം. ചുങ്കം മുളയിങ്കല്‍ ബിജു ജോസഫ് (50) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് പങ്കാളിയായ, ദേവമാതാ കേറ്ററിങ് സ്ഥാപനം ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51), ക്വട്ടേഷന്‍ സംഘത്തിലെ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25) എന്നിവരെ ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തു.
കേസില്‍ നേരിട്ട് ഇടപെട്ട കാപ്പാക്കേസ് പ്രതി ആഷിക് ജോണ്‍സനെ(24) പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ ബിജു തിരികെയെത്താത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, ബിജുവിന്റെ മുണ്ടും ചെരിപ്പും സ്ഥാപനത്തിന് സമീപത്തുനിന്ന് കണ്ടെത്തി. നിലവിളിക്കുന്നതുകേട്ടതായി സമീപവാസികള്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. ബിജുവിനെ വാഹനത്തില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും, മര്‍ദനത്തിനിടെ കൊല്ലപ്പെടുകയായിരുന്നെന്നും പ്രതികള്‍ മൊഴിനല്‍കി. .
ബിജുവിന്റെ ഭാര്യ: മഞ്ജു. മക്കള്‍: അലീന, ആഷ്ലി, ആന്‍ഡ്രൂസ. സംസ്‌കാരം ഞായറാഴ്ച ചുങ്കം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
Content Highlights: catering owner`s multiple failed attempts to hire hitmen resulted in the death of business partner