രണ്ടരവയസ്സുകാരിക്ക് ക്രൂരപീഡനം: നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമിച്ച് ആയമാർ;ശാസ്ത്രീയ തെളിവെടുപ്പ്

രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആയമാരായ അജിത, സിന്ധു, മഹേശ്വരി എന്നിവരെ വൈദ്യപരിശോധനയ്ക്കായി തൈക്കാട് ആശുപത്രിയിലെത്തിച്ചപ്പോള്‍
രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ആയമാരായ അജിത, സിന്ധു, മഹേശ്വരി എന്നിവരെ വൈദ്യപരിശോധനയ്ക്കായി തൈക്കാട് ആശുപത്രിയിലെത്തിച്ചപ്പോള്‍

തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാര്‍ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. ശാസ്ത്രീയ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നഖംകൊണ്ട് മുറിവേല്പിച്ച പാടുകളാണുള്ളത്. അറസ്റ്റിലായ മൂന്ന് ആയമാരും നഖം മുറിച്ചതിനു ശേഷമാണ് ചൊവ്വാഴ്ച പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിനെത്തിയത്.

ആയമാരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും പരിശോധനകള്‍ക്കുമായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെടാനാണ് മ്യൂസിയം പോലീസിന്റെ നീക്കം. ശാസ്ത്രീയപരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനാവശ്യമായ സമയം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.

Also Read: ജോലിസമയം പുതുക്കിയതിൽ ആയമാർക്ക് അതൃപ്തി; മാതാപിതാക്കൾ മരിച്ച കുഞ്ഞ് എത്തിയത് ദിവസങ്ങൾക്ക് മുമ്പ്

അറസ്റ്റിലായ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നവരാണ് കഴിഞ്ഞ മാസം 21 മുതല്‍ 30 വരെ കുഞ്ഞിനെ പരിചരിച്ചിരുന്നത്. ഈ സമയത്താണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഇവര്‍ ഉപദ്രവിച്ചത്. അജിതയാണ് ജനനേന്ദ്രിയത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവേല്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരമാണ് പോക്‌സോ ചുമത്തിയത്.

മറ്റ് രണ്ട് ആയമാര്‍ സംഭവം മറച്ചുവെക്കുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. മജിസ്ട്രേറ്റ് കുഞ്ഞിനോടു സംസാരിച്ച് മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞയാഴ്ച കുഞ്ഞിനെ പരിചരിക്കാന്‍ മറ്റൊരു ആയ ഡ്യൂട്ടിയിലെത്തിയപ്പോഴാണ് ഉപദ്രവ വിവരം പുറത്തറിഞ്ഞത്.

കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രണ്ടു ദിവസമായി നടന്ന അന്വേഷണത്തില്‍ 70 പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. മറ്റു ജീവനക്കാരുടെ മൊഴി വരുംദിവസങ്ങളില്‍ എടുക്കും. സംസ്ഥാന ബാലാവകാശ കമ്മിഷനും ബാലക്ഷേമ സമിതിയും സംഭവത്തില്‍ കേസെടുത്തു.

മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : ശിശുക്ഷേമസമിതി ആസ്ഥാനത്തേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശിശുക്ഷേമസമിതിയില്‍ രണ്ടരവയസ്സുകാരി ഉപദ്രവത്തിന് ഇരയായതില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.

തൈക്കാട് ശിശുക്ഷേമസമിതിയിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരിലൊരാൾ ഓഫീസ് മതിൽ ചാടിക്കടക്കാൻ നടത്തിയ ശ്രമം പോലീസ് തടയുന്നു

സമരക്കാരെ തടയുന്നതിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

സംസ്ഥാന ഭാരവാഹിയായ ആശയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴുപേരെ പോലീസ് അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായര്‍, എസ്.ഷീജ, അനിത, ബിജി ആനന്ദ്, ഓമന, ബിന്ദു, ഷീബ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഭാരവാഹികളായ ബീനാ അജിത്, ഷീല എന്നിവരും സമരത്തിനു നേതൃത്വം നല്‍കി.

Content Highlights: toddler brutally attacked in kerala child welfare committe shelter home three helpers arrested