ആക്രിക്കടയിൽനിന്ന് ചാക്ക് വാങ്ങി; അഭിരാമിന്റെ മൃതദേഹം ഉപേക്ഷിക്കാനുള്ള നീക്കം പൊളിച്ചത് അപ്രതീക്ഷിത മഴ

തിരുനനന്തപുരം: പാങ്ങപ്പാറയിലെ 17-കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അഭിറാമിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് കസ്റ്റഡിയിലുള്ള ഐശ്വര്യയുടെ മൊഴി. രണ്ടാം പ്രതിയായ ഉമറിൻ്റെ പെൺസുഹൃത്താണ് കേസിൽ നാലാം പ്രതിയായ ഐശ്വര്യ.
അഭിറാം മരണപ്പെട്ടുവെന്ന് ഉറപ്പായതോടെ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഒന്നാം പ്രതിയായ പതിനേഴുകാരൻ ശ്രീകാര്യത്തെ ഒരു ആക്രിക്കടയിൽനിന്ന് ചാക്ക് വാങ്ങി. കടക്കാരൻ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ, അപ്രതീക്ഷിതമായി മഴപെയ്തതോടെ ചാക്കിലാക്കിയ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ മടങ്ങുകയായിരുന്നു.
തൻ്റെ ഫോൺ വീട്ടിൽവെച്ചിട്ടാണ് ഉമർ ഇവിടേയ്ക്ക് എത്തിയത്. ക്യാമറയുളള പ്രധാന വഴി ഒഴിവാക്കി മറ്റൊരു ചതുപ്പിനടുത്തുകൂടിയാണ് ഉമർ അവിടെ എത്തിയത്. വീട്ടിൽ നിന്നിറങ്ങി തിരിച്ചുവരുന്ന സമയംവരെ ഐശ്വര്യ ഉമറിൻ്റെ ഫോണിൽ കോൾ കണക്ട് ചെയ്ത് വെച്ചിരുന്നു. ആ ഫോൺ പരിശോധിച്ചാൽ തന്നെ രക്ഷിക്കാനുള്ള പഴുത് അഭിഭാഷകന് ലഭിക്കുമെന്ന് ഉമർ പദ്ധതിയിട്ടിരുന്നു.
കേസിലെ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടില്ല എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന കാര്യം. അഭിരാമിന്റെ ഫോൺ, പ്രതിയായ പതിനെട്ടുകാരി ആനന്ദയുടെ ഫോൺ, ഒന്നാം പ്രതി പതിനേഴുകാരന്റെ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ ഫോണുകളും വസ്ത്രവും തോട്ടിൽ കളഞ്ഞു എന്നാണ് പ്രതികളുടെ മൊഴി. സ്കൂബാ ടീം എത്തി മുങ്ങിത്തപ്പിയിട്ടും ഇവ ഇതുവരെ കണ്ടെത്തിയിട്ടില്ല.