കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ;കവർച്ച നടത്തി വധിക്കാൻ ശ്രമം; യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകി കവർച്ച നടത്തി വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയും സുഹൃത്തുക്കളും തിരൂർ പോലീസിന്റെ പിടിയിലായി. പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ടുതൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരയ്ക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്ച തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂർ താഴെപ്പാലത്തുവെച്ച് പിടികൂടിയത്.
പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ക്വട്ടേഷൻ ഏൽപ്പിച്ച് തട്ടിക്കൊണ്ടുപോകുകയും മൊബൈൽഫോൺ കവർച്ചചെയ്ത് ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിക്കുകയുംചെയ്ത പരാതിയിലാണ് കാമുകിയായ യുവതിയും സുഹൃത്തുക്കളും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം അർധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്നുപറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയും പ്രതികൾ ഒത്തൊരുമിച്ചുള്ള സ്ഥലത്തെത്തി കാറിൽ കയറ്റി ക്രൂരമായി മർദിക്കുകയും താഴെപ്പാലം പുഴയോരത്തുവെച്ച് പ്രതികൾ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവ് ഉടനെ പോലീസിനെ വിവരമറിയിച്ചതിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്തുകേസിൽ ഉൾപ്പെട്ട് മുൻപ് റിമാൻഡിലായിട്ടുണ്ട്.
ഇരുവരും തീരദേശമേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
എസ്.ഐ.മാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ, എ.എസ്.ഐ. രജീഷ്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: A 19-year-old woman and four accomplices were arrested by Tirur police., The crime involved hiring a quotation gang to rob and murder her boyfriend to get rid of him., The victim was abducted, robbed of his mobile phone, brutally beaten, and abandoned near Thazheppalam riverbank., Key accused individuals have prior criminal records in drug trafficking and violent assault cases.