തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

#ന്യൂസ് ഡെസ്ക്
രാജേഷ്
രാജേഷ്

തിരൂർ: മിനി സിവിൽ സ്റ്റേഷനു പിന്നിലെ കാർ ഷെഡിൽ തിരൂർ റീസർവേ ഓഫീസ് മുൻ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരൂർ തെക്കുംമുറി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന, റീസർവേ ഓഫീസിലെ പ്യൂണായിരുന്ന നടുവിലക്കണ്ടി രാജേഷിനെയാണ് (49) മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തിരൂർ പൊലീസും മലപ്പുറത്തുനിന്ന് ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവസ്ഥലം സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, തഹസിൽദാർ ആഷിക്ക്, എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, ടി. നസീർ, നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി എന്നിവർ സന്ദർശിച്ചു. തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

തിരൂർ താലൂക്ക് ഓഫീസ്, തിരൂർ ആർ.ഡി.ഒ. ഓഫീസ്, തിരൂർ ലാൻഡ് ട്രിബ്യൂണൽ എന്നീ ഓഫീസുകളിലും രാജേഷ് ജോലി ചെയ്തിട്ടുണ്ട്. പിതാവ് രാമൻ സർവീസിലിരിക്കെ മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് രാജേഷിന് ജോലി ലഭിച്ചത്. രാജേഷ് തീ കൊളുത്തി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ ചെമ്മാട്ട് നടക്കും.

പിതാവ്: പരേതനായ രാമൻ. മാതാവ്: ദേവകി. സഹോദരങ്ങൾ: രതീഷ്, രാജിഷ, ദിനേശ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Former Re-survey office employee Rajesh (49) found dead, Body discovered behind Tirur Mini Civil Station car shed, Post-mortem confirms death by self-immolation, Tirur police have registered a case and initiated a probe, Forensic and fingerprint experts inspected the scene