BJP നേതാവിനെ വധിക്കാൻ ശ്രമിച്ച് ഭാര്യയും കാമുകനും; ഇൻസ്റ്റയിൽ കൂടി പദ്ധതി, കത്തിയ ബൈക്ക് ചതിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിൽ ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഭാര്യയും കാമുകനും അറസ്റ്റിൽ. ബൈക്ക് കത്തിച്ച കേസിൽ തുടങ്ങിയ അന്വേഷണമാണ് കൊലപാതകാസൂത്രണത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ ബിജെപി നേതാവിന്റെ ഭാര്യ പ്രശാന്തി, സായി, ഇവരുടെ കൂട്ടാളികളായ ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ ബിജെപി മണ്ഡലം പ്രസിഡന്റ് മുനിരാജയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രശാന്തിയും കാമുകൻ സായിയും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 13-ന് അർദ്ധരാത്രിയാണ് ചന്ദ്രഗിരി കൊത്തപേട്ടയിലുള്ള മുനിരാജയുടെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതാവായതിനാൽ പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം ഇതിനു പിന്നിലെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രദേശവാസിയായ സായിയും സംഘവും ബൈക്കിന് സമീപത്ത് നിൽക്കുന്ന് കണ്ടിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
മുനിരാജയുടെ ഭാര്യ പ്രശാന്തിക്ക് സായിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഭർത്താവിനെ വധിക്കാൻ പ്രശാന്തിയും സായിയും ചേർന്ന് ഇൻസ്റ്റാഗ്രാം വഴിയാണ് പദ്ധതി തയ്യാറാക്കിയത്. മുനിരാജയുടെ ഓരോ നീക്കങ്ങളും ലൊക്കേഷൻ വിവരങ്ങളും പ്രശാന്തി ഇൻസ്റ്റാഗ്രാം സന്ദേശങ്ങളിലൂടെ സായിക്ക് കൈമാറിയിരുന്നു.
മുനിരാജയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായി ഭയപ്പെടുത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതേത്തുടർന്നാണ് ബൈക്കിന് തീയിട്ടത്. ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും മൊബൈലിൽ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു പ്രതികൾ പിടിയിലായത്.
Content Highlights: Chandragiri Mandal BJP President Muniraja's murder plot uncovered by Tirupati police, Wife Prasanthi and her lover Sai arrested along with four accomplices, Conspiracy was planned via Instagram including sharing real-time location details, Initial investigation started after Muniraja's bike was set on fire outside his house