സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച; ജീവനക്കാരിയും ട്രാൻസ്ജൻഡറുകളും അടക്കം പിടിയിൽ

അറസ്റ്റിലായ സൂസന്നാ എയ്ഞ്ചൽ , സ്റ്റീഫൻ രാജ്, സൂര്യ, ഫെഡറിക്, ധനലക്ഷ്മി, ഷേർളി, സുചിത, ഡെയ്സി എന്നിവർ
അറസ്റ്റിലായ സൂസന്നാ എയ്ഞ്ചൽ , സ്റ്റീഫൻ രാജ്, സൂര്യ, ഫെഡറിക്, ധനലക്ഷ്മി, ഷേർളി, സുചിത, ഡെയ്സി എന്നിവർ

തൃശ്ശൂർ: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചൽ (22), സ്റ്റീഫൻരാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25), ഡെയ്‌സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സ്പാ ഉടമയുടെ അഞ്ചു മൊബൈൽഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവർന്നു. ഇതിനു പുറമേ ഗൂഗിൾപേ വഴി ഭീഷണിപ്പെടുത്തിയും മർദിച്ചും 20,000 രൂപ കൈക്കലാക്കിയതായും പറയുന്നു.

സൂസന്നാ എയ്ഞ്ചൽ മുൻപ് ഈ സ്പായിലെ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച രാത്രി 12-നാണ് ഇതു സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

തുടർന്ന് നൈറ്റ് പട്രോളിങ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണർ ശശിധരന്റെ നേതൃത്വത്തിൽ വാഹനപരിശോധന ശക്തമാക്കുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾ കണ്ട് പീച്ചി പോലീസാണ് സംഘത്തെ പിടികൂടിയത്.

മൂന്നു സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരും അടങ്ങുന്ന സംഘം സ്പാ ഉടമസ്ഥയെ കെട്ടിയിടുകയും മറ്റുള്ളവരെ മുറിയിൽ പൂട്ടിയിടുകയും ചെയ്താണ് രക്ഷപ്പെട്ടത്. തുടർന്നാണ് അക്രമത്തിനിരയായവർ പോലീസുമായി ബന്ധപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. നെടുപുഴ ഇൻസ്‌പെക്ടർ ബെന്നി ലാലു, സബ് ഇൻസ്‌പെക്ടർ കെ.കെ.സന്തോഷ്, എൻ.പി. സന്തോഷ്‌കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ, പ്രീബു, ജിന്റോ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: 8 individuals from Bengaluru arrested for robbing a spa owner in Thrissur